മട്ടാഞ്ചേരി(എറണാകുളം): നിര്‍ധന കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹമാണ് നടക്കുന്നതെങ്കില്‍, വീട്ടുകാര്‍ വിഷമിക്കേണ്ട. ക്ഷണിക്കപ്പെട്ടവര്‍ക്ക് നല്‍കാനുള്ള ഭക്ഷണം ഇവര്‍ സൗജന്യമായി വീട്ടിലെത്തിക്കും. ഭക്ഷണം മാത്രമല്ല, കുടുംബത്തിന് ആവശ്യമായ വസ്ത്രങ്ങളും ഇവര്‍ നല്‍കും.

മട്ടാഞ്ചേരിയിലെ മഹാത്മാ സ്നേഹക്കൂട്ടായ്മയിലെ പ്രവര്‍ത്തകരാണ് പാവങ്ങളെ സഹായിക്കാന്‍ വ്യത്യസ്തമായ പദ്ധതിയുമായി രംഗത്തുള്ളത്. നിര്‍ധനരായ അമ്പതോളം യുവതികളുടെ വിവാഹ ചടങ്ങില്‍ ഇവര്‍ ഭക്ഷണം എത്തിച്ചുകഴിഞ്ഞു. വിവാഹത്തിന് എത്രപേരെ ക്ഷണിച്ചാലും അവര്‍ക്കെല്ലാം ഇവര്‍ ഭക്ഷണം വിളമ്പും. ഭക്ഷണം പാകം ചെയ്യുന്നതും അത് വിളമ്പുന്നതുമൊക്കെ മഹാത്മയുടെ സന്നദ്ധപ്രവര്‍ത്തകരാണ്.

പൊതുപ്രവര്‍ത്തകനായ ഷമീര്‍ വളവത്തിന്റെ നേതൃത്വത്തിലാണ് ഈ പദ്ധതി തുടങ്ങിയത്. ലോക് ഡൗണ്‍ കാലത്ത് നടത്തിയ സമൂഹ അടുക്കളയുടെ തുടര്‍ച്ചയെന്ന നിലയിലാണ് പുതിയ പരിപാടിയുമായി ഇവര്‍ ഇറങ്ങിയത്. പെണ്‍കുട്ടികളുടെ വിവാഹം നടത്താന്‍ വിഷമിക്കുന്നവര്‍ക്ക് ഒരു സഹായമാണിതെന്ന് ഷമീര്‍ വളവത്ത് പറയുന്നു. 

കോവിഡ് കാലത്ത് ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. എന്നാല്‍ പല സമയങ്ങളിലായി അതിഥികളെ ക്ഷണിക്കുന്ന രീതി കൊച്ചിയില്‍ വ്യാപകമാണ്. അതുകൊണ്ട് ചടങ്ങുകള്‍ക്ക് കൂടുതല്‍ ഭക്ഷണം വേണം. ഇപ്പോള്‍ നിരവധി കുടുംബങ്ങള്‍ ഭക്ഷണം എത്തിക്കാന്‍ സഹായം തേടിയിട്ടുള്ളതായി ഷമീര്‍ പറയുന്നു. റഫീക്ക് ഉസ്മാന്‍ സേഠ്, അസീസ് ഇസ്ഹാക്ക് സേഠ്, നജീബ് മുല്ലശേരി, ഷാഹുല്‍ ഹമീദ്, മുജീബ് കൊച്ചങ്ങാടി, ലത്തീഫ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്നേഹക്കൂട്ടായ്മ പ്രവര്‍ത്തിക്കുന്നത്.