പറവൂര്‍: കോവിഡിന്റെ അടച്ചുപൂട്ടലില്‍ ക്ലേശിക്കുന്നവര്‍ക്ക് ആശ്വാസമായി സ്നേഹച്ചന്ത. ചന്തയില്‍ എത്തുന്ന ഉത്പന്നങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് നിശ്ചിത അളവില്‍ സൗജന്യമായി നല്‍കുകയാണ്. നഗരസഭ 20-ാം വാര്‍ഡായ തോന്ന്യകാവിലാണ് ചന്ത മാതൃകയാകുന്നത്.

20, 23 വാര്‍ഡുകളിലെ അറുനൂറ്റി അന്‍പതോളം കുടുംബങ്ങളെ ഉദ്ദേശിച്ചാണ് വാര്‍ഡ് കൗണ്‍സിലര്‍ ടി.വി. നിഥിന്റെയും ഡി.വൈ.എഫ്.ഐ.യുടെയും നേതൃത്വത്തില്‍ ചന്ത തുടങ്ങിയത്. പച്ചക്കറികള്‍, അരി, കോഴിമുട്ട, ചക്ക, മാങ്ങ, നാളികേരം, ഗോതമ്പുപൊടി തുടങ്ങി അവശ്യവസ്തുക്കള്‍ ചന്തയിലുണ്ട്. എന്‍.എസ്.എസ്. കരയോഗ ഹാളിലാണ് വൈകീട്ട് മൂന്നു മുതല്‍ 5.30 വരെ ചന്ത പ്രവര്‍ത്തിക്കുന്നത്. ആര്‍ക്കും ചന്തയിലേക്ക് അവശ്യവസ്തുക്കള്‍ എന്തും സൗജന്യമായി നല്‍കാം.

ആവശ്യക്കാര്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ നിശ്ചിത അളവില്‍ തിരഞ്ഞെടുത്ത് കൊണ്ടുപോകാമെന്ന് കൗണ്‍സിലര്‍ ടി.വി. നിഥിന്‍ പറഞ്ഞു. ചന്തയുടെ പ്രവര്‍ത്തനോദ്ഘാടനം കെ.എന്‍. ഉണ്ണികൃഷ്ണന്‍ എം.എല്‍.എ. നിര്‍വഹിച്ചു. ടി.വി. നിഥിന്‍, എസ്. സന്ദീപ്, സി.ബി. ആദര്‍ശ്, മിജോഷ്, മായാ രാജേഷ്, അനു സുനില്‍, വരുണ്‍ ശിവറാം, അതുല്‍ എന്നിവര്‍ സംസാരിച്ചു.

content highlights: snehachantha- an initiative to provide essential commodities to needy people