നെടുങ്കണ്ടം: മുഖ്യമന്ത്രിയുടെ വാക്സിന്‍ ചലഞ്ചിലേക്ക് സ്വര്‍ണമോതിരം വാങ്ങാന്‍ കുടുക്കയില്‍ സൂക്ഷിച്ചിരുന്ന സമ്പാദ്യം നല്‍കി ആറുവയസുകാരി. ഉടുമ്പന്‍ചോല ഇടിയാനയില്‍ പ്രിന്‍സിന്റെയും യമുനയുടെയും മകള്‍ ദിയ ഫിലിപ്പാണ് തന്റെ കുഞ്ഞുസമ്പാദ്യം നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത്. 

മുത്തശ്ശന്‍ വാങ്ങിനല്‍കിയ കുടുക്കയില്‍ തനിക്ക് കിട്ടുന്ന ചില്ലറത്തുട്ടുകള്‍ ദിയ സൂക്ഷിക്കാന്‍ തുടങ്ങിയത് കഴിഞ്ഞ വര്‍ഷമാണ്. ഒരു സ്വര്‍ണമോതിരം വാങ്ങണമെന്ന ആഗ്രഹത്തോടെയായിരുന്നു സമ്പാദ്യം. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ മോതിരത്തേക്കാള്‍ ആവശ്യം വാക്സിനാണെന്ന തിരിച്ചറിവുണ്ടായതോടെയാണ് ദിയ തന്റെ സമ്പാദ്യം ദുരിതാശ്വാസനിധിയിലേക്ക് നല്‍കാന്‍ തീരുമാനിച്ചത്.

ദിയയുടെ തീരുമാനത്തിന് മാതാപിതാക്കളും പിന്തുണ നല്‍കി. കഴിഞ്ഞ ദിവസം ദിയ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെത്തി നെടുങ്കണ്ടം എസ്.ഐ. എ.കെ.സുധീറിന് കുടുക്ക കൈമാറി. കുടുക്കയില്‍ ഒരു വര്‍ഷത്തെ ദിയയുടെ സമ്പാദ്യമായ 1734 രൂപയുണ്ടായിരുന്നു. പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയതായി ഉടുമ്പന്‍ചോല തഹസില്‍ദാര്‍ പറഞ്ഞു.

content highlights: six year old girl donates money to vaccine challenge