വൈക്കം: തലചായ്ക്കാന്‍ ഒരുപിടി മണ്ണിനായി കൊതിച്ചവര്‍ക്ക് മനസ്സുനിറഞ്ഞ് കിടപ്പാടം കിട്ടി. വൈക്കം വല്ലകം വടക്കേടത്ത് സേവ്യര്‍ കുര്യനും സഹോദരി മേരി ജെയിംസുമാണ് എട്ട് നിര്‍ധനകുടുംബങ്ങള്‍ക്ക് അഞ്ചുസെന്റ് വീതം നല്‍കിയത്.

അമേരിക്കയില്‍ സ്ഥിരതാമസക്കാരാണ് സേവ്യര്‍ കുര്യനും മേരി ജെയിംസും. അമ്മ മറിയക്കുട്ടിയുടെ കാലശേഷം സ്ഥലം മേരി ജെയിംസിന്റെപേരില്‍ നിയമപരമായി കൈമാറിയിരുന്നു. ഈ സ്ഥലം സ്വന്തമായി മണ്ണില്ലാതെ വിഷമിക്കുന്ന പാവപ്പെട്ടവരുടെ കിടപ്പാടത്തിനായി നല്‍കണമെന്നുള്ള, മേരി ജെയിംസിന്റെ മനസ്സില്‍ കാത്തുസൂക്ഷിച്ച ആഗ്രഹമാണ് വ്യാഴാഴ്ച സഹോദരന്‍ സേവ്യര്‍ കുര്യന്‍ നിറവേറ്റിയത്.

വൈക്കം സബ് രജിസ്ട്രാര്‍ ഓഫീസില്‍ എട്ട് കുടുംബങ്ങളുടെപേരില്‍ ഭൂമി രജിസ്റ്റര്‍ചെയ്ത് കൈമാറി. ഓരോ കുടുംബത്തെയും സ്ത്രീകളുടെ പേരിലാണ് രജിസ്ട്രേഷന്‍. സ്ത്രീകളുടെ സുരക്ഷിതത്വമാണ് ഇതിന്റെ ലക്ഷ്യം.

12 വര്‍ഷത്തിനുള്ളില്‍ സ്ഥലം കൈമാറ്റംചെയ്യാനോ പണയപ്പെടുത്താനോ പാടില്ലെന്ന് നിയമപരമായി വ്യവസ്ഥയുണ്ടാക്കിയിട്ടുണ്ട്. ഉദയനാപുരം പഞ്ചായത്ത് 11-ാം വാര്‍ഡിലെ റോഡരികില്‍പ്പെട്ട സ്ഥലമാണ് എട്ട് പ്ലോട്ടായി തിരിക്കുന്നത്.

സ്ഥലത്തിന്റെ ഉടമകളാകാനെത്തിയവര്‍ക്ക് വീട്ടില്‍ വിളിച്ചുവരുത്തി ബിരിയാണി വിളമ്പി സ്‌നേഹം പങ്കുവെച്ചാണ് യാത്രയാക്കിയത്. കിടപ്പാടമില്ലാതെ വിഷമിച്ച അര്‍ഹരായവരെ കണ്ടെത്താന്‍ പഴയമഠത്തില്‍ തങ്കച്ചനാണ് മുന്‍കൈ പ്രവര്‍ത്തനം നടത്തിയത്. എം.ആര്‍.ഷാജിയും സഹായിച്ചു.വീടുവയ്ക്കാന്‍ സ്ഥലം നല്കിയ വടക്കേടത്ത് കുടുംബാംഗങ്ങളെ ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ പുഷ്‌കരന്‍ അഭിനന്ദിച്ചു. ഇവര്‍ക്ക് വീടുവയ്ക്കാന്‍ സര്‍ക്കാര്‍സഹായം ലഭ്യമാക്കാന്‍ ഇടപെടുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

content highlights: siblings donates 40 cent land to 8 families