ചാരുംമൂട്(ആലപ്പുഴ): വീടിനോട് ചേര്‍ന്നുള്ള 50 സെന്റില്‍ 150-ല്‍പ്പരം മരങ്ങള്‍. ഇതെല്ലാം ഒരു അധ്യാപകന്‍ വെച്ചുപിടിപ്പിച്ചതാണ്; നൂറനാട് പണയില്‍ ഹരിമംഗലത്ത് തെക്കതില്‍ ആര്‍.രാജേഷ്. ചെങ്ങന്നൂര്‍ പാണ്ടനാട് സ്വാമി വിവേകാനന്ദാ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കായിക അധ്യാപകനാണ് രാജേഷ്.
മാതൃഭൂമി സീഡ് പദ്ധതി തുടങ്ങിയ കാലം മുതല്‍ സ്‌കൂളിലെ സീഡ് കോ-ഓര്‍ഡിനേറ്ററും കൂടിയാണ് ഇദ്ദേഹം. നാലുവര്‍ഷം മുന്‍പാണ് രാജേഷ് വനവത്കരണത്തിലേക്ക് തിരിഞ്ഞത്.
തേക്ക്, കുമ്പിള്‍, മഹാഗണി, പ്ലാവ്, മാവ്, പറങ്കിമാവ്, ഔഷധസസ്യങ്ങള്‍ തുടങ്ങിയവയാണ് വളര്‍ത്തുന്നത്. സ്വകാര്യഭൂമിയില്‍ വനവത്കരണത്തിനുള്ള വനം വകുപ്പിന്റെ ആനുകൂല്യവും ലഭിച്ചു. രണ്ട് ഗഡുക്കളായി 50 രൂപ വീതമാണ് ഓരോ മരത്തിനും ലഭിച്ചത്.
വനമിത്ര അവാര്‍ഡ്, വനംവകുപ്പിന്റെ പ്രകൃതിമിത്ര അവാര്‍ഡ്, മാതൃഭൂമി സീഡ്-നന്മ അവാര്‍ഡുകള്‍ തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ദേശീയ ഹരിതസേന മാവേലിക്കര വിദ്യാഭ്യാസ ജില്ലാ കോ-ഓര്‍ഡിനേറ്ററായും സ്മാര്‍ട്ട് എനര്‍ജി കോ-ഓര്‍ഡിനേറ്ററായും പ്രവര്‍ത്തിക്കുന്നു.
content highlihts: school tacher from alappuzha plants more than 150 tress in his land