ചാലിശ്ശേരി(പാലക്കാട്): വിരമിക്കുന്നതിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ സ്കൂളിന് പ്രിന്സിപ്പലൊരു സമ്മാനം നല്കി. കിണര്‍ പണിയുന്നതിന് ഒരുലക്ഷംരൂപയാണ് ചാലിശ്ശേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഗീത ജോസഫ് സമ്മാനിച്ചത്. പ്ലസ് ടു ക്യാമ്പസില്‍ പുതുതായി നിര്‍മിക്കുന്ന കിണറിനാണ് സഹായം നല്‍കിയത്.
പ്ലസ് ടു ക്യാമ്പസില്‍ ഒമ്പതുവര്‍ഷം മുമ്പ് സ്ഥാപിച്ച കുഴല്‍ക്കിണറാണ് വിദ്യാര്‍ഥികള്‍ക്ക് ആശ്രയം. ഇതില്‍ വെള്ളം വളരെ കുറവുമാണ്. ഗീതട്ടീച്ചറുടെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു വിദ്യാലയത്തിന് ഒരു പൊതുകിണര്‍ വേണമെന്നത്. കഴിഞ്ഞമാസമാദ്യം പഞ്ചായത്ത് ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയില്‍ ഉള്‍പ്പെടുത്തി കിണര്‍നിര്‍മാണം തുടങ്ങി. ഏഴുകോലില് വെള്ളം കണ്ടെങ്കിലും ഒരുഭാഗം പാറയായത് തടസ്സമായി. നാലുകോല് പാറ പൊട്ടിച്ചതോടെ പഞ്ചായത്തനുവദിച്ച ഫണ്ട് തീര്‍ന്നു. ഇതോടെ കിണറിന്റെപണി നിര്‍ത്തി.
കിണറിന്റെ ആഴം കൂട്ടാന്‍ പ്രിന്‍സിപ്പലും പി.ടി.എ.യും തിരുമാനിച്ചതിന്റെ തുടര്‍ച്ചയാണ് ടീച്ചറുടെ സഹായം. പ്രിന്‍സിപ്പല്‍ നല്കിയ തുക രക്ഷാകര്‍തൃസമിതിയും അധ്യാപകരും ചേര്‍ന്ന് ഏറ്റുവാങ്ങി. സാഹിത്യകാരി സാറ ജോസഫിന്റെ മകളാണ് ഗീത ജോസഫ്. സംവിധായകന് എം.ജി. ശശിയാണ് ഭര്‍ത്താവ്. ഗീത ജോസഫ് മേയ് ആദ്യവാരം വിരമിക്കും.
content highlights: school principal donates one lakh rupee for well