Kuttappan
കുട്ടപ്പൻ

തൃപ്രയാർ: അക്കൗണ്ടിൽ തങ്ങളുടേതല്ലാതെ വന്ന മൂന്നേമുക്കാൽ കോടിരൂപ റിട്ട. അധ്യാപകനും ഭാര്യയും തിരിച്ചേൽപ്പിച്ചു. തളിക്കുളം തിരുത്തിയിൽ കുട്ടപ്പനും ഭാര്യ സാവിത്രിയുമാണ് തങ്ങളുടെ പേരിൽ ബാങ്കിലെത്തിയ പണം അധികൃതരുടെ ശ്രദ്ധയിൽപെടുത്തി തിരിച്ചെടുപ്പിച്ചത്.

കുട്ടപ്പന്റെ അക്കൗണ്ടിൽ 3.31 കോടിയിലധികം രൂപയും ഭാര്യയുടെ അക്കൗണ്ടിൽ 44 ലക്ഷവുമാണ് കൂടുതൽ വന്നത്. കൃത്യമായ രേഖകളുമായാണ് പണം നിക്ഷേപിച്ചത് എന്നതിനാൽ തങ്ങൾക്കൊന്നും ചെയ്യാനില്ലെന്ന് ബാങ്ക് അധികൃതർ പറഞ്ഞു. ദേശീയപാതാ വികസനത്തിന് സ്ഥലം വിട്ടുകൊടുത്തതിനുള്ള നഷ്ടപരിഹാരമാണ് വന്നതെന്നതിനാൽ മാഷ് കൊടുങ്ങല്ലൂരിലെ അവരുടെ ഓഫീസിൽ ബന്ധപ്പെട്ടാണ് പണം തിരിച്ചെടുപ്പിച്ചത്.

ആശാരിക്കാട് ഗവ. യു.പി. സ്കൂളിൽ പ്രധാനാധ്യാപകനായിരിക്കെ 1998-ലാണ് കുട്ടപ്പൻ വിരമിച്ചത്. റിട്ട. പഞ്ചായത്ത് സൂപ്രണ്ടാണ് സാവിത്രി. എറവിലാണ് ഇപ്പോൾ താമസിക്കുന്നത്. തളിക്കുളം നന്മ കുടുംബകൂട്ടായ്മ ഇവരെ ആദരിച്ചു.

പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.കെ. ബാബു, സുരേഷ് മോഹൻ എന്നിവർ ചേർന്ന് പൊന്നാടയണിയിച്ചു. നന്മ പ്രസിഡൻറ് സുരേഷ് മോഹൻ , സെക്രട്ടറി ദിവാകരൻ തുടങ്ങിയവർ പങ്കെടുത്തു.