പള്ളിക്കല്‍(അടൂര്‍): മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തന്റെ പെന്‍ഷന്‍ തുകയില്‍നിന്ന് ആജീവനാന്തം 1000 രൂപവീതം നല്‍കാന്‍ സമ്മതപത്രം കൊടുത്ത് റിട്ട. ഹൈസ്‌കൂള്‍ അധ്യാപകന്‍. 

കൊല്ലം ചിതറ ഗവ. ഹൈസ്‌കൂളില്‍നിന്ന് വിരമിച്ച തെങ്ങമം തെങ്ങുംതുണ്ടില്‍ പടിഞ്ഞാറ്റേതില്‍ എന്‍.രാഘവനാണ് 2021 ജൂലായ് മുതല്‍ പെന്‍ഷനില്‍നിന്നുള്ള തുക നല്‍കുന്നത്. ഇതുസംബന്ധിച്ച സമ്മതപത്രം മുഖ്യമന്ത്രിക്ക് കൈമാറുന്നതിനുവേണ്ടി സി.പി.എം. സംസ്ഥാനകമ്മിറ്റിയംഗം ആര്‍.ഉണ്ണിക്കൃഷ്ണപിള്ളയ്ക്ക് നല്‍കി.

അഞ്ചുവര്‍ഷത്തേക്ക് എല്ലാമാസവും പെന്‍ഷന്‍ തുകയില്‍നിന്ന് 1000 രൂപ ദുരിതാശ്വാസനിധിയിലേക്ക് നല്‍കാന്‍ ദിവസങ്ങള്‍ക്കുമുന്‍പ് സമ്മതമറിയിച്ചിരുന്നു. എന്നാല്‍, കോവിഡ് പ്രതിസന്ധിയില്‍ സര്‍ക്കാരിനുള്ള വലിയ സാമ്പത്തികപ്രതിസന്ധിക്ക് ഒരു സഹായമാകട്ടെയെന്ന് കരുതിയാണ് ഇപ്പോഴത്തെ തീരുമാനമെന്ന് രാഘവന്‍ പറഞ്ഞു. 

ഇതുസംബന്ധിച്ച രേഖാമൂലമുള്ള അപേക്ഷ അടൂര്‍ സബ്ട്രഷറിയില്‍ നല്‍കി. സി.പി.ഐ. പള്ളിക്കല്‍ ലോക്കല്‍ കമ്മിറ്റിയംഗം, അഖിലേന്ത്യ കിസാന്‍സഭ മണ്ഡലം കമ്മിറ്റിയംഗം, തെങ്ങമം യുവരശ്മി ഗ്രന്ഥശാല സെക്രട്ടറി, പള്ളിക്കല്‍ ശ്രീബുദ്ധ എഡ്യൂക്കേഷണല്‍ ആന്‍ഡ് കല്‍ച്ചറല്‍ മിഷന്‍ ചെയര്‍മാന്‍ എന്നീനിലകളില്‍ പ്രവര്‍ത്തിച്ചുവരികയാണ്.