തിരുവല്ല: പ്രഥമാധ്യാപികയായി വിരമിച്ചശേഷം വീട്ടില്‍ ഒതുങ്ങിക്കൂടാതെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ജീവിക്കുകയാണ് 85 വയസ്സുള്ള വി.കെ.പങ്കജാക്ഷിയമ്മ. തിരുമൂലപുരം കളരിക്കല്‍ വീട്ടില്‍ പരേതനായ കെ.എന്‍.ഗംഗാധരപ്പണിക്കരുടെ ഭാര്യയാണ്. 

39 വര്‍ഷംമുമ്പ് ഭര്‍ത്താവിന്റെ മരണശേഷമാണ് കാരുണ്യപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. വലുതും ചെറുതുമായ സമ്പാദ്യങ്ങളെല്ലാം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവച്ചു. 2018-ലെ പ്രളയത്തെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വലിയ തുക കൈമാറി. 

2020-ലെ കോവിഡ് ദുരിതാശ്വാസപ്രവര്‍ത്തനത്തിനും മുഖ്യമന്ത്രിക്ക് താങ്ങായി. ഇടതുപക്ഷപ്രസ്ഥാനങ്ങളില്‍ മുമ്പ് സജീവപ്രവര്‍ത്തകയായിരുന്നു പങ്കജാക്ഷിയമ്മ. അമ്മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മക്കളായ അനില്‍, സുനില്‍, സനല്‍, ബിനില്‍ എന്നിവരും പിന്തുണയുമായി കൂടെയുണ്ട്.

തിരുവല്ലയിലെ കനിവ് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയറിന് കഴിഞ്ഞദിവസം ഒരുലക്ഷം രൂപ നല്‍കി. ജില്ലാ പാലിയേറ്റീവ് ചെയര്‍മാന്‍കൂടിയായ സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു തുക ഏറ്റുവാങ്ങി.

പ്രസിഡന്റ് ഫ്രാന്‍സിസ് വി.ആന്റണി, സെക്രട്ടറി എം.സി.അനീഷ്‌കുമാര്‍, ഡയറക്ടര്‍ ബോര്‍ഡംഗം കെ.ബാലചന്ദ്രന്‍, സൗത്ത് സോണ്‍ ഭാരവാഹികളായ സി.എന്‍.രാജേഷ്, ചെറിയാന്‍ തോമസ്, അരുണ്‍കുമാര്‍, സനല്‍, ടി.കെ.റജികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കനിവ് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍

2013-ല്‍ ആരംഭിച്ചു. പി.കൃഷ്ണപിള്ള ചാരിറ്റബിള്‍ സൊസൈറ്റിക്കുകീഴിലാണ് പ്രവര്‍ത്തിക്കുന്നത്. തിരുവല്ല നഗരസഭ, പുളിക്കീഴ് ബ്ലോക്കിനുകീഴിലുള്ള പ്രദേശങ്ങളിലെ 1250 കിടപ്പുരോഗികള്‍ക്ക് പരിചരണം നല്‍കുന്നുണ്ട്. ഇവരെ പരിചരിക്കാന്‍ പരിശീലനം ലഭിച്ച 545 സന്നദ്ധസേവകര്‍ 109 വാര്‍ഡിലായി പ്രവര്‍ത്തനം നടത്തുന്നുണ്ട്.

content highlights: retired teacher pankajakshi charitable work