നെടുങ്കണ്ടം(ഇടുക്കി): കടം തിരിച്ചടയ്ക്കാത്തതിന് റവന്യൂ റിക്കവറി അദാലത്തിന്റെ നോട്ടീസ് നല്‍കാന്‍ ചെന്നപ്പോഴാണ്, കമലാക്ഷിയുടെയും കൊച്ചുമക്കളുടെയും ദുരിതജീവിതം കരുണാപുരം വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ നേരിട്ടുകാണുന്നത്. അന്നന്നത്തെ അന്നത്തിനുപോലും കഷ്ടപ്പെടുന്ന കുടുംബത്തെ സഹായിക്കണമെന്ന് അവര്‍ ഉറപ്പിച്ചു. സ്വന്തം ശമ്പളത്തില്‍നിന്ന് പണം കണ്ടെത്തി ഈ കുടുംബത്തിന്റെ കടം വീട്ടി.

മരത്തില്‍നിന്നുവീണ് കിടപ്പായ മകന്റെ മരണത്തോടെ തനിച്ചായ വൃദ്ധമാതാവിനും പേരക്കുട്ടികള്‍ക്കുമാണ് കരുണാപുരം വില്ലേജോഫീസര്‍ പ്രമോദും സഹപ്രവര്‍ത്തകരും ചേര്‍ന്ന് സഹായം നല്‍കിയത്. പഴയകൊച്ചറ വയലാര്‍നഗറില്‍ താമസിക്കുന്ന എഴുപത്തിയെട്ടുകാരിയായ കളപ്പുരയ്ക്കല്‍ കമലാക്ഷിയമ്മയുടെയും കൊച്ചുമക്കളായ ഹരികൃഷ്ണന്റെയും യദുകൃഷ്ണന്റെയും സങ്കടത്തിനും ഇതോടെ പരിഹാരമായി.

10 വര്‍ഷം മുമ്പ് ജോലിക്കിടെ മരത്തില്‍നിന്നുവീണ് അരയ്ക്ക് കീഴ്പോട്ട് സ്വാധീനമില്ലാതായ മകന്‍ ചന്ദ്രശേഖരന്റെ ചികിത്സയ്ക്കായാണ് കടം എടുത്തത്. അമ്മ നേരത്തെ ഉപേക്ഷിച്ചുപോയ രണ്ട് ആണ്‍കുട്ടികള്‍ക്കും കമലാക്ഷിയമ്മയ്ക്കും ചന്ദ്രശേഖരനായിരുന്നു തുണ. അപകടത്തോടെ കുടുംബത്തിന്റെ വരുമാനവും നിലച്ചു. കാലുകളുടെ ചലനശേഷി തിരികെ കിട്ടുമെന്ന പ്രതീക്ഷയിലാണ് ബാങ്കുകളില്‍നിന്ന് കടംവാങ്ങി ചികിത്സിച്ചത്. 

ചികിത്സയ്ക്കായി, കൂട്ടാറിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ ശാഖയില്‍നിന്ന് അംഗപരിമിത ലോണായി ഒരുലക്ഷം രൂപയും മലനാട് ബാങ്കിന്റെ പുറ്റടിയിലെ ശാഖയില്‍ സ്വന്തമായുള്ള 18 സെന്റ് സ്ഥലത്തിന്റെ പട്ടയം പണയപ്പെടുത്തി ഒരുലക്ഷം രൂപയും കടമെടുത്തു. എന്നാല്‍, ചികിത്സകൊണ്ട് മാറ്റമൊന്നും ഉണ്ടായില്ല. സെപ്റ്റംബര്‍ 18-ന് ചന്ദ്രശേഖരന്‍ മരിച്ചു. ആദ്യത്തെ കുറച്ചുവര്‍ഷം ലോണിന്റെ പലിശ മുടങ്ങാതെ അടച്ചിരുന്നു. പിന്നീട് തിരിച്ചടവ് മുടങ്ങി. ഇതോടെ ബാങ്കിന്റെ ജപ്തി നോട്ടീസും തുടര്‍ച്ചയായി എത്തി. സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയംമൂലമാണ് ജപ്തിനടപടികള്‍ നടക്കാതിരുന്നത്.

ഒടുവില്‍, റവന്യൂ വകുപ്പിന്റെ അദാലത്തില്‍ നിശ്ചിത തുക അടച്ചാല്‍ ബാക്കിത്തുക എഴുതിത്തള്ളാമെന്ന് കൂട്ടാറിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ ശാഖയില്‍നിന്ന് അറിയിച്ചു. എന്നാല്‍, ഇതിനുള്ള തുക കണ്ടെത്താനാവാതെ ബുദ്ധിമുട്ടുന്നതിനിടെയാണ് കരുണാപുരം വില്ലേജ് ഓഫീസിലെ ജീവനക്കാര്‍ കുടുംബത്തിന്റെ രക്ഷകരായത്. പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് ഹരികൃഷ്ണന്‍. അനിയന്‍ യദുകൃഷ്ണന്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയും. നാട്ടുകാരുടെയും മറ്റ് മക്കളുടെയും സഹായംകൊണ്ടാണ് നിത്യച്ചെലവും കുട്ടികളുടെ വിദ്യാഭ്യാസവും നടക്കുന്നതെന്ന് കമലാക്ഷിയമ്മ പറയുന്നു.

content highlights: relief for kamalakshi and grandsons as village office employees repays their loan