ളിച്ചും ചിരിച്ചും നടക്കേണ്ട പ്രായത്തിൽത്തന്നെ (രണ്ടാംവയസ്സിൽ) ഒപ്പംകൂടിയ രോഗത്തെ നിശ്ചയദാർഢ്യവും പ്രതിഭയും കൊണ്ട് മറികടക്കുകയാണ് പയ്യന്നൂർ തായിനേരിയിലെ മാവിച്ചേരി വടക്കെവീട്ടിൽ രവീന്ദ്രൻ. ചെന്നൈയിലെ എം.സി.ടി.എം.ഹൈസ്കൂളിലായിരുന്നു രവീന്ദ്രന്റെ പ്രാഥമിക വിദ്യാഭ്യാസം.  

raveendran
രവീന്ദ്രന്‍ വരച്ച ചിത്രം

പോളിയോ ബാധിച്ച വിരലുകളാൽ പെൻസിൽ പിടിച്ച് കളിക്കൂട്ടുകാരെയും പ്രകൃതിയെയും വരയ്ക്കുന്ന കുട്ടിയെ അധ്യാപകർ ശ്രദ്ധിച്ചു. ജലച്ചായത്തിലും പെൻസിൽ ഡ്രോയിങ്ങിലും നിരവധി സമ്മാനങ്ങൾ നേടിയ രവീന്ദ്രൻ എന്ന കുട്ടിയെ ചിത്രലോകത്തിലേക്ക് കൈപിടിച്ചുനടത്തിയത് അച്ഛനും അധ്യാപകരും ഒപ്പം കുടുംബാംഗങ്ങളുടെ സ്നേഹം കലർന്ന പിന്തുണയുമാണ്.  

ഇരുളും വെളിച്ചവും മാറിമാറിവന്ന ജീവിതത്തിൽ ഭാഗ്യനിർഭാഗ്യങ്ങളും മാറിമറിഞ്ഞു. ആറാം ക്ലാസിൽ പഠിക്കുമ്പോൾ ഉണ്ടായ വീഴ്ച അതുവരെയുണ്ടായിരുന്ന എല്ലാ പ്രതീക്ഷകളെയും തകിടംമറിച്ചു.  സ്കൂളിൽ പോകാൻ പ്രയാസം നേരിട്ടതോടെ ഏഴാംക്ലാസിൽ പഠനം നിർത്തി കുടുംബത്തോടൊപ്പം രവീന്ദ്രൻ പയ്യന്നൂരിലേക്ക് മടങ്ങി.

സ്വർണപ്പണിക്കാരനായിരുന്ന അച്ഛൻ എം.വി.കുഞ്ഞിരാമനും അമ്മ നാരായണിയും സഹോദരിമാരായ നളിനി, സുലോചന, കമല, പുഷ്പലത, പ്രസന്ന എന്നിവരും വെളിച്ചമായി എന്നും കൂടെനടന്നു.

raveendran
രവീന്ദ്രന്‍ വരച്ച ചിത്രം

പ്രകാശത്തിന്റെ നിറക്കൂട്ട്

നാട്ടിലെത്തി ആയുർവേദചികിത്സ നടത്തിയെങ്കിലും കൈകൾ തളർന്നുതന്നെ കിടന്നു. ബ്രഷ് തൊടാനാവാതെ കൈകളിൽ വേദന പടർന്നുകയറിക്കൊണ്ടിരുന്നു. ജീവിതത്തെ മുന്നോട്ടുനയിക്കാനുള്ള ചിറകുകൾ ഓരോന്നോരോന്നായി നഷ്ടപ്പെടുമ്പോൾ വഴികളിൽ തണൽമരങ്ങളാകാൻ ഒരുപാട് പേരുണ്ടായിരുന്നു. അതിൽ പ്രധാനിയായിരുന്നു കെ.ടി.നാരായണൻ. അദ്ദേഹമാണ്‌ രവീന്ദ്രന്‌  വൈകല്യങ്ങളെ അതിജീവിച്ച പ്രശസ്ത മൗത്ത് പെയിന്റർ കുഞ്ഞിമംഗലത്തെ ഗണേഷ് കുമാറിനെ പരിചയപ്പെടുത്തിയത്‌.

വർണങ്ങളുടെയും വരകളുടെയും വഴിയിൽ പിന്നീട്‌ രവീന്ദ്രന്‌ തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. വളരെ പെട്ടെന്ന്‌ രവീന്ദ്രൻ മൗത്ത് പെയിന്റിങ്‌ സ്വായത്തമാക്കി. സഹായിക്കാൻ ഒരുപാട് പേരുണ്ടെങ്കിലും സ്വന്തമായി വരുമാനമെന്ന ആഗ്രഹം ഉള്ളിൽക്കിടന്നു പിടച്ചു. അപ്പോഴാണ് ഗണേഷ് കുമാറിൽനിന്ന് മൗത്ത് ആൻഡ്‌ ഫുട്‌പെയിൻറ് ആർട്ടിസ്റ്റ് അസോസിയേഷനെ (എം.എഫ്.പി.എ.) കുറിച്ച് കേൾക്കുന്നത്.

raveendran
രവീന്ദ്രന്‍ വരച്ച ചിത്രം

പോളിയോ ബാധിച്ച് ഇരുകൈകളും തളർന്ന എറിക് സ്റ്റേഗ്‌മാൻ എന്ന ജർമൻ പെയിന്റർ 1956-ൽ തുടക്കംകുറിച്ച സംഘടന. പെയിന്റിങ്ങുകളും ആശംസാകാർഡുകളും ചിത്രപുസ്തകങ്ങളും കലണ്ടറുകളുമൊക്കെ നിർമിച്ച് വിൽക്കുന്നതിലൂടെ ഭിന്നശേഷിയുള്ള കലാകാരൻമാർക്ക് സ്വന്തം കാലിൽ നില്ക്കാൻ ഈ സംഘടന കരുത്തുപകരുന്നു. 

കേരളത്തിൽനിന്ന് ആറുപേർക്കാണ് സംഘടനയിൽ അംഗത്വമുള്ളത്. 2003 -ൽ സ്റ്റുഡന്റ് അംഗത്വമെടുത്ത രവീന്ദ്രൻ ഓരോവർഷവും തനിക്ക് കഴിയാവുന്നത്ര ചിത്രങ്ങൾ വരച്ച് അയച്ചുകൊടുക്കും. സംഘടനയിൽനിന്ന് സ്കോളർഷിപ്പായി തുകയും ലഭിക്കും. 

 2009-ൽ എം.എഫ്.പി.എ. ജപ്പാനിൽ സംഘടിപ്പിച്ച പെയിന്റിങ്‌ മത്സരത്തിൽ മെഡൽ നേടിയിരുന്നു രവീന്ദ്രൻ. 2011 -ൽ അസോസിയേറ്റ് അംഗത്വം ലഭിച്ച രവീന്ദ്രൻ ഖത്തർ, ഓസ്ട്രിയ, ബാർസിലോണ തുടങ്ങിയ സ്ഥലങ്ങളിലെ ചിത്രപ്രദർശനങ്ങളിലും പങ്കെടുത്തിട്ടുണ്ട്.

ചക്രക്കേസരയിലിരുന്ന് ചിത്രം വരയ്ക്കുന്നതോടൊപ്പം സംഗീതവും ആസ്വദിക്കും. ഇതിനായി തായിനേരിയിലെ വീട്ടിൽ ഒരു സൗണ്ട് തീയറ്റർതന്നെ ഒരുക്കിയിട്ടുണ്ട്. അവിവാഹിതനായ രവീന്ദ്രനൊപ്പം ഇപ്പോൾ സഹോദരിമാരായ പുഷ്പലതയും പ്രസന്നയുമുണ്ട്‌. ദൃഢനിശ്ചയത്തോടെ രവീന്ദ്രൻ പറയുന്നു- ദൈവം ചിലതൊക്കെ തരാതിരിക്കുന്നത് മറ്റെന്തൊക്കെയോ നമുക്ക് കൂടുതൽ തന്നതുകൊണ്ടാണ്.

content highlights: Raveendran Polio affected mouth painter from Kannur