പെരിന്തല്‍മണ്ണ: അതിരിടാത്ത സൗഹൃദം വര്‍ഷങ്ങള്‍ക്ക് ശേഷം കൈകോര്‍ത്തപ്പോള്‍ ഒഴിഞ്ഞത് ജപ്തിഭീഷണിയും വീടിന്റെ ശോചനീയാവസ്ഥയും വരിഞ്ഞുമുറുക്കിയ സഹപാഠിയുടെ ജീവിതം. അരിപ്ര കാവുംപടി മുത്തപ്പന്‍കാവ് കോളനിയിലെ ഉണ്ണിക്കൃഷ്ണനാ(50)ണ് 32 വര്ഷംമുന്പ് ഒപ്പം പഠിച്ചവര്‍ ആശ്വാസമേകിയത്.
പെരിന്തല്‍മണ്ണ പി.ടി.എം. ഗവ. കോളേജിലെ 1985-87 പ്രീഡിഗ്രി ബാച്ചാണ് സഹപാഠിക്ക് സഹായഹസ്തമായത്. ഇവരുടെ വാട്സ്ആപ്പ് കൂട്ടായ്മയിലൂടെയാണ് പണം സ്വരൂപിച്ചത്. ഇതുപയോഗിച്ച് ഉണ്ണിക്കൃഷ്ണന്റെ ബാങ്ക് വായ്പ തിരിച്ചടയ്ക്കുകയും വീട് നന്നാക്കിക്കൊടുക്കുകയും മകളുടെ വിവാഹത്തിന് ഒരു തുക ബാങ്കില്‍ നിക്ഷേപിക്കുകയും ചെയ്തു.
കഴിഞ്ഞ ഫെബ്രുവരിയില്‍ പെരിന്തല്‍മണ്ണ പോളിടെക്നിക്കിലായിരുന്നു കൂട്ടായ്മ സംഗമം നടത്തിയത്. ഇതിനായി ക്ഷണിക്കാന്‍ ഉണ്ണിക്കൃഷ്ണന്റെ വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ അവസ്ഥയും വായ്പ വിവരങ്ങളും അറിഞ്ഞത്.
കേന്ദ്രസര്‍ക്കാര്‍ പദ്ധതിപ്രകാരം ലഭിച്ച വീട് പൂര്‍ത്തിയാക്കുന്നതിനാണ് അരലക്ഷം രൂപ വായ്പയെടുത്തത്. ചെയ്തിരുന്നജോലി തുടരാനാവാത്ത സാഹചര്യമുണ്ടായതോടെ വീട് പൂര്‍ത്തിയാക്കാനായില്ല. വായ്പ തിരിച്ചടവും മുടങ്ങി. രണ്ടുമക്കളുടെ പഠനവും മറ്റു ജീവിതച്ചെലവും വരിഞ്ഞുമുറുക്കുമ്പോഴാണ് ബാങ്കില്‍ നിന്നും വായ്പ തിരിച്ചടയ്ക്കാനാവശ്യപ്പെട്ടത്.
125 അംഗങ്ങളുള്ള കൂട്ടായ്മയില്‍ വിവരം പ്രചരിച്ചതോടെ പ്രവാസികള്‍ അടക്കമുള്ളവര്‍ രണ്ടുദിവസത്തിനുള്ളില്‍ തുക നല്കി. ഇതില്‍നിന്നും 65,000 രൂപയോളം ബാങ്കിലടച്ച് ആധാരം തിരികെവാങ്ങി. ബാക്കിതുക വീട് നിര്‍മാണത്തിനും ഉണ്ണിക്കൃഷ്ണന്റെ മകള്‍ ഐശ്വര്യയുടെ വിവാഹാവശ്യത്തിലേക്ക് മുന്‍കൂറായി ബാങ്കിലിടാനും ഉപയോഗിച്ചു. ഭാര്യ ലക്ഷ്മിയും മകന് ശിവപ്രസാദുമാണ് ഇവര്‍ക്കൊപ്പം വീട്ടിലുള്ളത്.
കഴിഞ്ഞദിവസം കൂട്ടായ്മയിലെ അംഗങ്ങളും വീട്ടുകാരും ചേര്‍ന്ന് നവീകരിച്ച വീട്ടില്‍ ചെറിയ ചടങ്ങും നടത്തി. ഇവരുടെ അധ്യാപകനായിരുന്ന പ്രൊഫ. സുരേന്ദ്രനാഥ് വീടിന്റെ ആധാരം ഉണ്ണിക്കൃഷ്ണനെ തിരിച്ചേല്‍പ്പിച്ചു. ശശികുമാര്‍ സാകേതം, ഷാഹിദ ഹമീദ്, വി. അബ്ദുള്‍സലീം, അഷ്റഫലി ചേരിയം, എ.എസ്.ഐ. കുഞ്ഞന്‍, വര്‍ഗീസ്, സുബ്രഹ്മണ്യന് തുടങ്ങിയവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
content highlights: pre degree batch came together to help classmate