കട്ടപ്പന: ജാതിയും മതവും നോക്കാതെ സ്വന്തം പഞ്ചായത്തിലെ 22 സ്ഥാപനങ്ങള്‍ക്ക് പ്രഭാകരന്‍ നായര്‍ സൗജന്യമായി നല്‍കിയത് 12 എക്കറോളം ഭൂമി. ഇരട്ടയാര്‍ പഞ്ചായത്തിലെ ചെമ്പകപ്പാറയിലെ 12 ഏക്കറോളം ഭൂമിയാണ് വിവിധ സ്ഥാപനങ്ങള്‍ക്ക് ദാനം ചെയ്തത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ക്രൈസ്തവ ദേവാലയങ്ങള്‍, എന്‍.എസ്.എസ്.കരയോഗം, എസ്.എന്‍.ഡി.പി.ഗുരുമന്ദിരം, കായിക ക്ലബ്ബുകള്‍, പാര്‍ട്ടി ഓഫീസ് തുടങ്ങിയവയ്ക്ക് എല്ലാം സരസ്വതി ഭവനില്‍ പ്രഭാകരന്‍നായര്‍ ഭൂമിനല്‍കി.

ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ ഇന്റര്‍മീഡിയറ്റിനുശേഷം 1959-ലാണ് പ്രഭാകരന്‍നായര്‍ ചെമ്പകപ്പാറയിലേക്കു വന്നത്. സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുന്‍പ് ഇവിടേക്കു കുടിയേറി കൃഷിയിറക്കിയ അച്ഛനെ സഹായിക്കുകയായിരുന്നു ലക്ഷ്യം. വനഭൂമിയോട് ചേര്‍ന്ന പ്രദേശത്ത് വന്യമൃഗങ്ങളോടും വിഷ ജന്തുക്കളോടും മല്ലടിക്കുന്ന കര്‍ഷകരെയായിരുന്നു അവിടെ കണ്ടത്.

ആശുപത്രിയോ ഗതാഗത സൗകര്യങ്ങളോ ഇല്ല. ചെമ്പകപ്പാറയില്‍ വികസനം ഉണ്ടാവണമെന്ന് അന്നുതന്നെ പ്രഭാകരന്‍നായര്‍ മനസ്സില്‍ കുറിച്ചു. അച്ഛനെ കൃഷിയില്‍ സഹായിച്ച് അവിടെ തുടര്‍ന്നു.

1972-ല്‍ പ്രഭാകരന്‍നായര്‍കൂടി ഉള്‍പ്പെട്ടവരുടെ പ്രവര്‍ത്തന ഫലമായി നാട്ടില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അനുവദിച്ചു. എന്നാല്‍ സ്‌കൂള്‍ കെട്ടിടത്തിന് സ്ഥലം ആരു നല്‍കും എന്ന ചോദ്യമുയര്‍ന്നു. പിന്നെ ഒന്നും ആലോചിച്ചില്ല. തന്റെ മൂന്ന് ഏക്കര്‍ ഭൂമി വിട്ടുനല്‍കി. അതായിരുന്നു തുടക്കം.

ചെമ്പകപ്പാറ, കൊച്ചുകാമാക്ഷി, വെള്ളയാംകുടി എന്നിവിടങ്ങളിലെ അങ്കണവാടികള്‍ക്ക് നല്‍കിയത് മൂന്ന് സെന്റ് വീതം. കൊച്ചു കാമാക്ഷി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയ്ക്കും ചെമ്പകപ്പാറ പെന്തക്കോസ്ത് പള്ളിക്കും സെമിത്തേരിക്കും സ്ഥലം നല്‍കി. ചെമ്പകപ്പാറ എസ്.എന്‍.ഡി.പി. ഗുരു മന്ദിരത്തിനും എന്‍.എസ്.എസ്. കരയോഗ മന്ദിരത്തിനും സി.പി.എം. ഇരട്ടയാര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസിനും നല്‍കി.

ചെമ്പകപ്പാറയിലെത്തിയ കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി സത്യപാല്‍ സിങ്, ഒ.എസ്.പ്രഭാകരന്‍ നായരെ ആദരിച്ചിരുന്നു. കോട്ടയം പള്ളിക്കത്തോടിന് അടുത്തുള്ള ആനിക്കാടാണ് പ്രഭാകരന്‍നായരുടെ സ്വദേശം. ഭാര്യ എ.എസ്.സരസ്വതിയമ്മയും നാലു മക്കളും പിന്തുണയുമായി ഒപ്പമുണ്ട്.

''82 വര്‍ഷം പിറകിലേയ്ക്ക് തിരിഞ്ഞു നോക്കുമ്പോള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സാംസ്‌കാരിക സംഘടനകള്‍ക്കും മതസ്ഥാപനങ്ങള്‍ക്കും സ്ഥലം നല്‍കി. ഇരട്ടയാര്‍ പഞ്ചായത്തില്‍ മുസ്ലിം പ്രാതിനിധ്യം ഇല്ലാത്തതിനാല്‍ അവര്‍ക്ക് സ്ഥലം നല്‍കാന്‍ സാധിച്ചില്ല. മുസ്ലിം വിഭാഗത്തില്‍പെട്ട സ്ഥാപനങ്ങള്‍ക്കുകൂടി ഭൂമി ദാനംചെയ്യണമെന്നാണ് ആഗ്രഹം'' -പ്രഭാകരന്‍നായര്‍