തൃശ്ശൂർ ശരീരസൗന്ദര്യ മത്സരങ്ങൾക്ക് ഒത്ത ഉയരവും അതിനൊത്ത ശരീരവും വേണമെന്നു പറയുന്ന പഴഞ്ചൻ സങ്കല്പങ്ങളെ തച്ചുടയ്ക്കുന്നതാണ് മനോജിന്റെ നേട്ടം. പൊന്നാനിക്കടുത്ത് എരമംഗലത്തുള്ള മനോജ് നാക്കോല(20)ത്തിന് ഉയരം കുറവാണെങ്കിലും നേട്ടങ്ങൾക്ക് ഉയരം കൂടുതലാണ്.
ബെംഗളൂരുവിൽ നവംബർ 30, ഡിസംബർ ഒന്ന് തിയതികളിൽ നടന്ന ഇന്തോ-പസഫിക് ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ ഫിസിക്കലി ചാലഞ്ച്ഡ് വിഭാഗത്തിൽ വിജയിയാണ് മനോജ്.
11 രാജ്യങ്ങളിൽനിന്നുള്ള മത്സരാർഥികൾ പങ്കെടുത്ത മത്സരത്തിലെ ഏക മലയാളിയും മനോജായിരുന്നു. ശരീരസൗന്ദര്യ മത്സരത്തിൽ ഫിസിക്കലി ചാലഞ്ച്ഡ് വിഭാഗത്തിൽ മലപ്പുറം ജില്ലയിൽ മിസ്റ്റർ മലപ്പുറം പട്ടം, കോട്ടയത്ത് നടന്ന മിസ്റ്റർ കേരള മത്സരത്തിൽ മൂന്നാം സ്ഥാനം, എറണാകുളത്ത് നടന്ന മിസ്റ്റർ ഇന്ത്യാ മത്സരത്തിൽ നാലാം സ്ഥാനം-ഈ നേട്ടങ്ങളാണ് മനോജിനെ ബെംഗളൂരുവിലെത്തിച്ചത്. ചങ്ങരംകുളം ക്ലബ്ബ് മെട്രോയിലെ ബോഡി ബിൽഡിങ് പരിശീലകനായ ട്രെയിനർ പി.വി. വിനീഷാണ് മനോജിനെ ഉയരമുള്ള ആഗ്രഹങ്ങൾ കാണാൻ പിന്തുണ നൽകിയത്.
ലോട്ടറി വില്പനയാണ് മനോജിന്. രാവിലെ ഏഴിന് ചങ്ങരംകുളത്തെ പരിശീലനകേന്ദ്രത്തിലെത്തണം. ഒന്നേകാൽ മണിക്കൂറാണ് പരിശീലനം. അതു കഴിഞ്ഞാൽ ലോട്ടറിയുമായി വില്പനയ്ക്കിറങ്ങും. അഞ്ച് കിലോമീറ്ററോളം നടന്നാണ് വില്പന. പരിശീലനം മാത്രമല്ല ആത്മവിശ്വാസവും അവശ്യസമയത്ത് മത്സരങ്ങൾക്കുള്ള പണവും വിനീഷാണ് നൽകുന്നതെന്ന് മനോജ് പറയുന്നു. തൃശ്ശൂരിൽ കുട്ടനെല്ലൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ ആരോഗ്യവർധന കേന്ദ്രങ്ങളിൽ ക്ലാസെടുക്കുന്നുണ്ട് വിനീഷ്. എരമംഗലം വെളിയങ്കോട്ട് ലോട്ടറി വില്പനക്കാരനായ ലക്ഷ്മണന്റേയും വീട്ടമ്മയായ മണിയുടേയും മകനാണ് മനോജ്.
Content HIghlights: physically challenged man manoj inspires world winning indo pacific bodybuilding championship