sankaranarayanan
പോത്തുണ്ടി തിരുത്തംപാടം ആര്‍ ശങ്കരനാരായണന്‍

പോത്തുണ്ടി(പാലക്കാട്: ഇന്നില്ലെങ്കില്‍പ്പിന്നെ എന്നാണ്. പ്രതിസന്ധിഘട്ടങ്ങളില്‍ പ്രതീക്ഷ നല്‍കിയില്ലെങ്കില്‍ നമ്മുടെ കുട്ടികള്‍ ഇരുട്ടിലായിപ്പോകും. അതുകൊണ്ടാണ് വായ്പയെടുത്ത തുകയില്‍നിന്ന് ഓണ്‍ലൈന്‍ പഠനത്തിനായി ടി.വി.യും മൊബൈലും വാങ്ങിനല്‍കിയത്.

നെന്മാറ തിരുത്തംപാടം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പൂജാരിയും നെന്മാറ ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറിയുമായ ആര്‍. ശങ്കരനാരായണനാണ് നാട്ടിലെ കുട്ടികളുടെ ഓണ്‍ലൈന്‍ പഠനത്തിനായി വായ്പയെടുത്ത് ടി.വി. വാങ്ങി നല്‍കിയത്.

ഓണ്‍ലൈന്‍പഠനം ആരംഭിച്ചതോടെ പലരും അതിനുള്ള അസൗകര്യങ്ങളെക്കുറിച്ച് പറഞ്ഞുതുടങ്ങി. ഇതോടെയാണ് കൈവശമുണ്ടായിരുന്ന കുറച്ച് തുകയെടുത്ത് ടി.വി. വാങ്ങി കോണ്‍ഗ്രസ് മണ്ഡലംകമ്മിറ്റി മുഖേന നല്‍കിയത്.

പിന്നീട് ഓണ്‍ലൈന്‍പഠനത്തിന് അസൗകര്യമുള്ള കൂടുതല്‍ കുടുംബങ്ങള്‍ ശങ്കരനാരായണന്റെ മുന്നിലെത്തി. ഇവരുടെ ദുരിതമറിഞ്ഞപ്പോഴാണ് കെ.എസ്.എഫ്.ഇ.യുടെ ചിട്ടിയില്‍നിന്നുള്ള വ്യക്തിഗതവായ്പ ഉപയോഗിച്ച് ടി.വി. വാങ്ങിനല്‍കാന്‍ തീരുമാനിച്ചതെന്ന് ശങ്കരനാരായണന്‍ പറഞ്ഞു. ഇതുവരെയായി 112 കുടുംബങ്ങള്‍ക്ക് ടി.വി.യും 15 പേര്‍ക്ക് മൊബൈലും വിതരണംചെയ്തുകഴിഞ്ഞു.

ഇതില്‍ 37 പേര്‍ക്ക് ടി.വി. സൗജന്യമായാണ് നല്‍കിയത്. മറ്റുള്ളവര്‍ക്ക് അവരവര്‍ക്ക് നല്‍കാനാവുന്ന തുക ശങ്കരനാരായണന് കൈമാറി. അതുകൂടിചേര്‍ത്താണ് 32 ഇഞ്ചിന്റെ എല്‍.ഇ.ഡി. ടി.വി.കള്‍ നല്‍കിയത്.

നെന്മാറ ഗ്രാമപ്പഞ്ചായത്തിലെ പോത്തുണ്ടി, തിരുത്തംപാടം, നെല്ലിച്ചോട്, തേവര്‍മണി, ചാത്തമംഗലം തുടങ്ങിയ ഭാഗങ്ങളിലും അയിലൂര്‍, മേലാര്‍കോട്, പല്ലശ്ശന, മുതലമട, കൊല്ലങ്കോട് തുടങ്ങിയ പഞ്ചായത്തുകളിലുമായി കോളനികള്‍ കേന്ദ്രീകരിച്ചാണ് ഇത്രയും ടി.വി.യും മൊബൈലും വിതരണംചെയ്തത്. ജൂണ്‍ പകുതിയോടെയാണ് സൗജന്യമായി ടി.വി.കള്‍ വിതരണമാരംഭിച്ചത്. അടുത്തുതന്നെ വീണ്ടും മറ്റൊരുവായ്പ ലഭിക്കുന്നതോടെ കുറച്ച് ടി.വി.കള്‍കൂടി വിതരണം ചെയ്യുമെന്നും ശങ്കരനാരായണന്‍ പറഞ്ഞു.

content highlights: palakkad man buys and handsover television to students