image
പ്രതീകാത്മകചിത്രം

പാലക്കാട്: കാവശ്ശേരി പഞ്ചായത്തിലെ 'കാരുണ്യവിപ്ലവം'വഴി സമാഹരിച്ച തുക 105 അര്‍ഹരായ രോഗികള്‍ക്കുകൂടി ചികിത്സാ സഹായമാവുന്നു. പെരിങ്ങോട്ടുകുറിശ്ശി ദയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കാവശ്ശേരി ഗ്രാമപ്പഞ്ചായത്തിന്റെയും ആലത്തൂര്‍ ബി.എസ്.എസ്. ഗുരുകുലം ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെയും സഹകരണത്തോടെ സൗമ്യയുടെ (24) വൃക്ക മാറ്റിവെക്കലിനായാണ് കാരുണ്യവിപ്ലവം സംഘടിപ്പിച്ചത്. 

സൗമ്യയുടെ വൃക്ക മാറ്റിവെക്കലിനും തുടര്‍ചികിത്സയ്ക്കും ആവശ്യമായ തുക മാറ്റിവെച്ച് ശേഷിക്കുന്ന തുകയാണ് 105 പേര്‍ക്ക് വീതിച്ചുനല്‍കുന്നത്. ഇതില്‍ 69 പേര്‍ കാവശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ 17 വാര്‍ഡുകളില്‍നിന്നും ബാക്കിയുള്ളവര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ടവരാണ്.

ശനിയാഴ്ച കാവശ്ശേരിയില്‍ 50 ലക്ഷം രൂപയുടെ ചികിത്സാ ധനസഹായമാണ് 105 പേര്‍ക്കായി നല്‍കുക. രണ്ടിന് രാവിലെ 9.30-ന് കഴനി ശ്രീവത്സം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ധനസഹായ വിതരണം പി.പി. സുമോദ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യുമെന്ന് ദയ ചെയര്‍മാന്‍ ഇ.ബി. രമേഷ്, ട്രഷറര്‍ ശങ്കര്‍ ജി. കോങ്ങാട്, ട്രസ്റ്റി ദീപ ജയപ്രകാശ് തുടങ്ങിയവരറിയിച്ചു.

ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രികളുമായി സഹകരിച്ച് വൃക്കരോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് പദ്ധതി നടപ്പാക്കുമെന്നും ദയ ചാരിറ്റബിള്‍ ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു. തിരഞ്ഞെടുക്കപ്പെടുന്ന 50 വൃക്കരോഗികള്‍ക്ക് ഒരുവര്‍ഷത്തേക്ക് എല്ലാ ആഴ്ചയും രണ്ട് ഡയാലിസിസ് സൗജന്യമായി നടത്തുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്. അടുത്തമാസം മുതല്‍ പദ്ധതി തുടങ്ങും. പദ്ധതിയുടെ ഭാഗമാകുന്നതിനായി ജില്ലയിലെ വൃക്കരോഗികള്‍ക്ക് ട്രസ്റ്റിനെ സമീപിക്കാം. ഫോണ്‍: 7012913583, 8943000997.

content highlights: palakkad kavasseri karunya viplavam