മൈക്രോസോഫ്റ്റിന്റെ സ്ഥാപകനായ ബില്‍ഗേറ്റ്‌സ് തന്റെ ബ്ലോഗില്‍ ഒരു കുറിപ്പെഴുതി. സ്‌റ്റെതസ്‌കോപ്പിനേക്കാളേറെ ചുറ്റിക കൊണ്ടു നടക്കുന്ന ഒരു ഡോക്ടറെക്കുറിച്ച്. ചുറ്റിക മാത്രമല്ല ഒരു ടേപ്പും, ഗോണിയോ മീറ്ററും സദാസമയം അദ്ദേഹം കൊണ്ടു നടക്കും. ഇദ്ദേഹം ഒരു ഡോക്ടറാണോ ആശാരിയാണോ എന്ന് സന്ദേഹമുണ്ടായാലും അത്ഭുതമില്ല. കാരണം ബില്‍ഗേറ്റ്‌സിന്റെ പോലും ഹീറോ ആയ ഈ ഓര്‍ത്തോപാഡിക്‌സ് വിദഗ്ധന് ഏറ്റവും അത്യാവശ്യമായ ഉപകരണങ്ങളാണിവ. തന്റെ രോഗികളുടെ കയ്യിന്റെയും കാലിന്റെയുമെല്ലാം ചലനങ്ങള്‍ അടുത്തറിയാന്‍. അവരെ സാധാരണ ജീവിതത്തിലേക്ക് നടത്താന്‍. 

തന്റെ ജീവിതത്തെ സ്വാധീനിച്ച അഞ്ച് ഹീറോകളില്‍ ഒരാളാണ് മാത്യു വര്‍ഗീസ് എന്ന ഈ ഡോക്ടര്‍ എന്നാണ് ബിൽഗേറ്റ്സ് തന്റെ ബ്ലോഗിൽ കുറിച്ചത്. ബില്‍ഗേറ്റ്‌സ് തന്റെ ആരാധനകനാണെന്നറിഞ്ഞിട്ടും ഇദ്ദേഹത്തില്‍ അതു കാര്യമായ അത്ഭുതമൊന്നും ഉളവാക്കിയില്ല. താന്‍ ചെയ്യുന്നത് തന്റെ ജോലി മാത്രം. ഇത് ആര്‍ക്കെങ്കിലും പ്രചോദനമാവുകയാണെങ്കില്‍ നന്നായി. പോളിയോ ബാധിതരായവരെ പുനരധിവസിപ്പിക്കുന്ന മാത്യു വര്‍ഗീസിന്റെ വഴിയിലേക്ക് ഇനിയും യുവ ഡോക്ടര്‍മാര്‍ കടന്നുവരാന്‍ ബില്‍ഗേറ്റ്‌സിന്റെ ഈ ബ്ലോഗ് കാരണമാകട്ടെ എന്ന് ആശംസിക്കാം. കാരണം ഇന്ത്യയില്‍ ഇന്ന് പോളിയോ വാര്‍ഡ് നടത്തുന്ന ഒരേ ഒരു ഡോക്ടറാണ് അദ്ദേഹം. ഓള്‍ഡ് ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് ആസ്പത്രിയില്‍. 

തന്റെ വാര്‍ഡ് ഒരിക്കല്‍ പൂര്‍ണമായി ഒഴിഞ്ഞു കിടക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം. 2011 ല്‍ ഇന്ത്യയെ പോളിയോ വിമുക്ത രാഷ്ട്രമായി പ്രഖ്യാപിച്ചിട്ടും ഇന്നും ആയിരങ്ങളാണ് ഈ രോഗത്തിന് ചികിത്സയ്ക്കായി ഇവിടെ എത്തിച്ചേരുന്നത്. 

1987 ലാണ് സെന്റ് സ്റ്റീഫന്‍സില്‍ പോളിയോ വാര്‍ഡിന് തുടക്കം കുറിയ്ക്കുന്നത്. എട്ട് കിടക്കകളായിരുന്നു അവിടെ അന്ന് സജ്ജീകരിച്ചിരുന്നത്. 1990 കളില്‍ 2 ലക്ഷം മുതല്‍ നാല് ലക്ഷം വരെ കേസുകളാണ് പ്രതിവര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇന്ത്യയിലെ ആദ്യത്തെ പോളിയോ വാര്‍ഡ് പിന്നീട് ഒരിക്കലും ഒഴിഞ്ഞു കിടന്നില്ല. ഇന്ന് പോളിയോ ബാധിതരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടെങ്കിലും ഒരുപാട് രോഗികള്‍ക്ക് ശസ്ത്രക്രിയ ആവശ്യമായി വന്നിട്ടുണ്ട്.  600 ല്‍ അധികം പോളിയോ ബാധിതരാണ് ഒരുകാലത്ത് സെന്റ് സ്റ്റീഫന്‍സില്‍ പ്രതിവര്‍ഷം ശസ്ത്രക്രിയക്ക് വിധേയരായി കൊണ്ടിരുന്നത്. ഇന്ന് അത് 200 ല്‍ താഴെ ആയതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് ഡോക്ടര്‍ പറയുന്നു.

തന്റെ ഔദ്യോഗിക ജീവിതത്തിലെ ഒരുപാട് കഥകളും ഡോക്ടര്‍ക്ക് പങ്കുവയ്ക്കാനുണ്ട്. അര്‍ച്ചന എന്ന പെണ്‍കുട്ടി 14 വയസ്സുള്ളപ്പോഴാണ് പോളിയോ വാര്‍ഡില്‍ ചികിത്സയ്‌ക്കെത്തുന്നത്. അവള്‍ക്ക് നടക്കാന്‍ സാധിച്ചിരുന്നില്ല. ഒരുപാട് ശസ്ത്രക്രിയകള്‍ക്ക് വിധേയയായ ശേഷമാണ് ആ പെണ്‍കുട്ടിയുടെ കാലും മുട്ടും ഇടുപ്പും ശരിയായത്. അതിനായി വര്‍ഷങ്ങളോളം സമയം വേണ്ടി വന്നു. അര്‍ച്ചന ഒരു ഉദാഹരണം മാത്രം. പതിറ്റാണ്ടുകള്‍ ചികിത്സ തേടിയിട്ടും ഫലം കാണാതെ വരുമ്പോള്‍ ഇവിടെ എത്തുന്നവരും കുറവല്ല. രോഗം ഭേദമായി ആസ്പത്രി വിട്ടു പോകുന്നവരൊന്നും ഡോക്ടറെ മറക്കാറില്ല. പലര്‍ക്കും പഠിക്കാനും ജോലി ചെയ്യാനുമുള്ള സൗകര്യം ഇവിടെ നിന്ന് നല്‍കാറുമുണ്ട്.

പക്ഷേ, അതുകൊണ്ടൊന്നും ഡോക്ടര്‍ തൃപ്തനല്ല. സര്‍ക്കാര്‍ സംവിധാനങ്ങളും സമൂഹവും പോളിയോ ബാധിതരെ കൂടുതല്‍ മനസ്സിലാക്കേണ്ടതുണ്ട്. കൃത്യമായ സമയങ്ങളില്‍ ശസ്ത്രക്രിയ ചെയ്താല്‍ നമ്മുടെ രാജ്യത്തിന്റെ ഉയര്‍ച്ചയില്‍ കാര്യമായ സംഭാവന നല്‍കാന്‍ ഇക്കൂട്ടര്‍ക്കും സാധിക്കും- ഡോക്ടര്‍ പറഞ്ഞു  നിര്‍ത്തുന്നു. 

Content Highlights: Polio affected people in India, polio eradication programme, DR Mathew Varghese, Bill Gates