വണ്ണപ്പുറം(ഇടുക്കി): വിവാഹ സത്കാരത്തിനായി കരുതിവെച്ചിരുന്ന തുകയുടെ ഒരു ഭാഗം സമൂഹ അടുക്കളയിലേക്ക് നല്‍കി നവവരനും വധുവും. കോതമംഗലം അയക്കാട്ട് കുമ്പന്‍കാടന്‍ വീട്ടില്‍ സുമയ്യയും വണ്ണപ്പുറം പള്ളിപ്പാട്ട് ലബീബുമാണ് വിവാഹത്തിന് ശേഷം പഞ്ചായത്ത് ഓഫീസിലെത്തി 10,000 രൂപ കൈമാറിയത്.

വ്യാഴാഴ്ചയായിരുന്നു ഇവരുടെ വിവാഹം. വീട്ടിലേക്കുള്ള യാത്രയ്ക്കിടയില്‍ കുടുംബാംഗങ്ങളുമൊത്ത് വിവാഹ വേഷത്തില്‍ തന്നെയാണ് വണ്ണപ്പുറം പഞ്ചായത്ത് ഓഫീസിലെത്തിയത്. തുടര്‍ന്ന് സമൂഹ അടുക്കളയ്ക്കുവേണ്ടി തുക പ്രസിഡന്റ് രാജീവ് ഭാസ്‌കരന് കൈമാറുകയായിരുന്നു.

ഇതിന് ശേഷമാണ് ഗൃഹപ്രവേശം നടത്തിയത്. കോവിഡ് കാലത്ത് ആഘോഷമായി വിവാഹം നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ അതില്‍നിന്നൊരു വിഹിതം സമൂഹ അടുക്കളവഴി ഭക്ഷണം നല്‍കുവാന്‍ നീക്കിവെച്ചതെന്ന് വരനും ബന്ധുക്കളും പറഞ്ഞു.

content highlights: newly weds donates 10,000 rupees to community kitchen