വളാഞ്ചേരി(മലപ്പുറം): വിവാഹത്തിനു കരുതിവെച്ച സമ്പാദ്യത്തില്‍നിന്ന് ഒരു വിഹിതം ഡയാലിസിസ് കേന്ദ്രത്തിനു സംഭാവനചെയ്ത് നവവധൂവരന്‍മാര്‍. വളാഞ്ചേരി വൈക്കത്തൂര്‍ മാരാപറമ്പില്‍ ഉസ്മാന്റെ മകന്‍ മുബീനും മലപ്പുറം ചെമ്മങ്കടവ് വള്ളിക്കാപറ്റ അബ്ദുസമദിന്റെ മകള്‍ സാറയുമാണ് കേന്ദ്രത്തിനായി ധനസഹായം നല്‍കിയത്. തിങ്കളാഴ്ചയായിരുന്നു ഇവരുടെ വിവാഹം.

വളാഞ്ചേരി നിസാര്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ശിഹാബ് തങ്ങള്‍ ഡയാലിസിസ് കേന്ദ്രത്തിനാണ് വിവാഹദിനത്തില്‍ വധൂവരന്‍മാര്‍ സഹായം കൈമാറിയത്.

കോവിഡ് നിയന്ത്രണങ്ങള്‍ കാരണം വിവാഹവുമായി ബന്ധപ്പെട്ട പല ചെലവുകളും ലഘൂകരിക്കാന്‍ സാധിച്ചതുകൊണ്ടാണ് ഈ സദുദ്യമം ചെയ്യാന്‍ കഴിഞ്ഞതെന്ന് മുബീന്‍ പറഞ്ഞു.

ഡയാലിസിസ് കേന്ദ്രത്തിനുവേണ്ടി നഗരസഭാധ്യക്ഷന്‍ അഷറഫ് അമ്പലത്തിങ്ങല്‍ സഹായധനം ഏറ്റുവാങ്ങി. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ മാരാത്ത് ഇബ്രാഹിം, എം.പി. മുനീര്‍, കെ.പി. അസ്‌കര്‍ അലവി, വി.ടി. റഫീഖ്, യാസര്‍ അകയില്‍ എന്നിവര്‍ പങ്കെടുത്തു.

content highlights: newly wed couple donates money to dialysis centre