ബാലുശ്ശേരി: നർഗീസിനെ അറിയുന്നവർക്കാർക്കും ആ മെഹറിനെപ്പറ്റി കേൾക്കുമ്പോൾ കൗതുകം തോന്നില്ല. ഉണർന്നിരിക്കുന്ന നേരങ്ങളിലൊക്കെയും മറ്റൊരാളുടെ കണ്ണീരൊപ്പുന്നതിനെക്കുറിച്ച് മാത്രമാലോചിക്കുന്നവൾ. സ്നേഹവും സഹായവും തേടുന്ന നൂറുകണക്കിനുപേരുടെ അത്താണിയായി മാറിയ സാമൂഹികപ്രവർത്തക ഫറോക്ക് കാരാട് സ്വദേശി നർഗീസ് ബീഗത്തിന്റെ വിവാഹമായിരുന്നു വെള്ളിയാഴ്ച. മെഹറായി എന്തുവേണമെന്ന വരന്റെ ചോദ്യത്തിന് ഒരുനിമിഷം പോലുമാലോചിക്കാതെ വധുവിന്റെ മറുപടി: ഒന്നരലക്ഷം രൂപ.

പാലക്കാട്‌ ആലത്തൂരിൽ നട്ടെല്ലുതകർന്ന് കിടപ്പിലായ യുവാവിന്റെ സഹായാഭ്യർഥനയ്ക്ക് ഉത്തരമായതിന്റെ ആശ്വാസത്തിലായിരുന്നു നർഗീസിപ്പോൾ. ഇല്ലായ്മയും ദുരിതങ്ങളും കാരണം കുഞ്ഞുങ്ങളെ അനാഥാലയത്തിലാക്കേണ്ടി വന്ന ആ യുവാവിന് പെട്ടിക്കട തുടങ്ങാനുള്ള സഹായമായി ആ മഹർത്തുക അക്കൗണ്ടിലെത്തിക്കഴിഞ്ഞു.

നർഗീസിന്റെ സഹജീവിസ്നേഹത്തെ ആദരവോടെ നോക്കിക്കാണുന്ന ചെർപ്പുളശ്ശേരി സ്വദേശി സുബൈറാണ് ജീവിതവഴിയിൽ കൂട്ടായെത്തിയത്. സൗദിയിൽ ജോലിയുള്ള അദ്ദേഹം വർഷങ്ങളായി ഇവരുടെ ജീവകാരുണ്യപ്രവർത്തനങ്ങളെ സഹായിച്ചുവരുന്ന ആളാണ്. വയനാട് സുൽത്താൻബത്തേരി കേന്ദ്രമായി പ്രവർത്തിക്കുന്ന 'അഡോറ'യെന്ന ജീവകാരുണ്യസംഘടനയുടെ ഡയറക്ടറായ നർഗീസിന് വിവാഹദിവസവും വിശ്രമമില്ലായിരുന്നു. സഹായം പ്രതീക്ഷിച്ചെത്തുന്ന ഫോൺകോളുകൾക്ക് തിരക്കിനിടയിലും സാന്ത്വനംപകരുന്ന മറുപടികൾ.

സന്തോഷവാർത്തയറിഞ്ഞ് അഭിനന്ദനമറിയിക്കുന്നവരിൽ പലർക്കും പ്രിയപ്പെട്ടവളുടെ കൂട്ടുകാരനെ നേരിൽ കാണണം. കൂട്ടിവരാമെന്ന നർഗീസിന്റെ ഉറപ്പുകിട്ടിയശേഷമാണ് പലരും ഫോൺവെച്ചത്. മരുന്നായി, ഭക്ഷണമായി, വസ്ത്രമായി, തങ്ങളുടെ മുന്നിലെത്തുന്ന നർഗീസ് അവർക്കൊക്കെയും മാലാഖതന്നെയാണ്.

കിടപ്പുരോഗികൾ, വിശപ്പ് കൂട്ടായവർ, മനോനില കൈവിട്ടുപോയവർ, ആരാരും കൂട്ടിനില്ലാത്തവർ.. നൂറുകണക്കിനുപേരാണ് ‘അഡോറ’യുടെ സ്നേഹത്തണലിൽ പുലരുന്നത്. ഇവരുടെ മരുന്നിനും ഭക്ഷണത്തിനും വീട്ടുവാടകയ്ക്കും പഠനച്ചെലവിനും മറ്റുമായി മാസം മൂന്നുലക്ഷത്തോളം രൂപ വേണം. സഹായാഭ്യർഥനകൾ ഫെയ്സ്ബുക്ക് വഴി പങ്കുവെച്ചാണ് പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുന്നത്.

ഫറോക്ക് കോയാസ് ആശുപത്രിയിലെ നഴ്‌സായ ഇവർ രാത്രി ഡ്യൂട്ടിയെടുത്താണ് പകൽ തന്റെ സഹായം കാത്തിരിക്കുന്നവർക്കരികിലേക്ക് ഓടിയെത്തുന്നത്.

തന്നെ മനസ്സിലാക്കുന്ന ഒരാളെ ജീവിതപങ്കാളിയായി കിട്ടിയതിൽ സന്തോഷമുണ്ടെന്ന് നർഗീസ് പറഞ്ഞു. നർഗീസിന്റെ ആദ്യവിവാഹത്തിലുള്ള പ്ലസ് ടു വിനും എട്ടിലും പഠിക്കുന്ന കുട്ടികളും ഉമ്മയ്ക്കൊരു കൂട്ടായതിന്റെ ആഹ്ലാദത്തിലാണ്.