മുക്കം: "കഴിഞ്ഞ നാലുവര്‍ഷക്കാലം നിങ്ങള്‍ എനിക്കു നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദിയുണ്ട്... പക്ഷേ, എന്റെ യാത്രയയപ്പിനായി നിങ്ങള്‍ ചെലവഴിക്കുന്ന തുക ഒരു നല്ല കാര്യത്തിന് വിനിയോഗിക്കുന്നതാണ് എനിക്കിഷ്ടം"- മുക്കം നഗരസഭയിലെ ജീവനക്കാര്‍ നല്‍കിയ യാത്രയയപ്പ് സമ്മേളനത്തില്‍ സംസാരിക്കവേ നഗരസഭാ സെക്രട്ടറി എന്‍.കെ. ഹരീഷ് പറഞ്ഞ വാക്കുകളാണിത്.
പൊന്നാനി നഗരസഭാ സെക്രട്ടറിയായി സ്ഥലംമാറി പോകുമ്പോഴും മുക്കത്തെ സാധാരണക്കാരുടെ ദുരിതങ്ങളായിരുന്നു അദ്ദേഹത്തിന്റെ മനസ്സുനിറയെ. ഒടുവില്‍, തലചായ്ക്കാന്‍ നല്ലൊരു വീടില്ലാത്ത വെസ്റ്റ് മാമ്പറ്റ നെടുമങ്ങാട് രാജന്‍ നായര്‍ക്ക് വീട് നിര്‍മിക്കാന്‍ ആവശ്യമായതെല്ലാം ചെയ്താണ് മുക്കം നഗരസഭയുടെ ജനപ്രിയ സെക്രട്ടറി എന്‍.കെ. ഹരീഷ് പടിയിറങ്ങിയത്. വീടുനിര്‍മാണ നിധിയിലേക്ക് തന്റെ ഒരു മാസത്തെ ശമ്പളം രാജന്റെ വീട്ടിലെത്തി നല്‍കിയ അദ്ദേഹം അമ്പത് ചാക്ക് സിമന്റും സ്‌പോണ്‍സര്‍ ചെയ്യിച്ചു.
ലൈഫ്-പി.എം.എ.വൈ. പദ്ധതിയിലൂടെ ആയിരത്തിലധികം വീടുകള്‍ നിര്‍മിച്ചു നല്‍കിയ നഗരസഭയാണ് മുക്കം. എന്നാല്‍, വര്‍ഷങ്ങള്‍ക്കുമുമ്പ് വാങ്ങിയ ഭൂമി സ്വന്തം പേരിലേക്ക് മാറ്റാതിരുന്നതാണ് രാജന് വീട് നിര്‍മിക്കുന്നതിന് പണം അനുവദിക്കാന്‍ തടസ്സമായത്. പതിനഞ്ച് വര്‍ഷം മുമ്പ് വീടിന് തറകെട്ടി പടവും കട്ടിളവെപ്പും നടത്തിയെങ്കിലും ഭാര്യയ്ക്ക് സുഖമില്ലാതയതോടെ കാര്യങ്ങളെല്ലാം കീഴ്മേല്‍ മറിഞ്ഞു. വീട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കരുതിവെച്ച പണം ഭാര്യയുടെ ചികിത്സയ്ക്കായി ചെലവഴിച്ചു. എന്നിട്ടും ഭാര്യ രാജനെ വിട്ടുപോയി. മകളെ കല്യാണം കഴിച്ചയച്ചു. മറ്റൊരു മകന്‍ ഇപ്പോള്‍ എവിടെയാണെന്ന് രാജന് അറിയില്ല.
കരളലിയും കാഴ്ച....
വെസ്റ്റ് മാമ്പറ്റ നെടുമങ്ങാട് രാജന്‍ നായരുടെ വീടിന്റെ അവസ്ഥ കാഴ്ചക്കാരുടെ കരളലിയിക്കും. ചെങ്കല്ലുകൊണ്ട് തൂണുകള്‍ നിര്‍മിച്ച് അതിന് മുകളില്‍ പ്ലാസ്റ്റിക് ഷീറ്റു മേഞ്ഞ ഒറ്റമുറിക്കൂര. ശക്തമായ ഒരു മഴപെയ്താല്‍ ഉറങ്ങാതെ നേരം വെളുപ്പിക്കണം. തൊട്ടടുത്ത്, ഒരാള്‍ പൊക്കത്തില്‍ പ്ലാസ്റ്റിക് ഷീറ്റു വലിച്ചുകെട്ടിയ നിലയിലുള്ള അടുക്കള. നിലത്ത് അലക്ഷ്യമായി സൂക്ഷിച്ചിരിക്കുന്ന ഭക്ഷണവസ്തുക്കള്‍. ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പറ്റിയ ഒരു ഫര്‍ണിച്ചറുമില്ല. കൂരയിലേക്ക് നല്ലൊരു വഴിയില്ല, ശൗചാലയത്തിന് വാതിലോ മേല്‍ക്കൂരയോ ഇല്ല.
കമ്മിറ്റി രൂപവത്കരിച്ചു
രാജന് വീട് നിര്‍മിച്ചു നല്‍കാനുള്ള ഒരുക്കത്തിലാണ് നാട്. നഗരസഭാ കൗണ്‍സിലര്‍ വസന്തകുമാരി കണ്‍വീനറായ കമ്മിറ്റിയില്‍ ജാതി മത രാഷ്ട്രീയ ഭേദമന്യെ എല്ലാവരും പങ്കാളികളാകും. മൂന്ന് മാസത്തിനകം വീട് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
content highlights: mukkam municipality former secretary donates one month salary to built home for poor man