മട്ടാഞ്ചേരി: ഇരുമ്പുകൊണ്ടുള്ള ട്രീ ഗാര്‍ഡുകള്‍ മരങ്ങളെ ചുറ്റിവരിഞ്ഞ് അവയെ വേദനിപ്പിക്കുന്ന കാഴ്ച മുകേഷ് ജെയിനിന്റെ മനസ്സില്‍ വലിയ മുറിവാണുണ്ടാക്കിയത്. നാടെങ്ങും നടന്ന് ഇത്തരം കാഴ്ചകള്‍ അദ്ദേഹം ക്യാമറയില്‍ പകര്‍ത്തി. 

ഒടുവില്‍ മരങ്ങളുടെ വേദനയുമായി കോടതിക്കു മുമ്പാകെയും എത്തി. ഇതേത്തുടര്‍ന്ന് സംസ്ഥാനത്ത് ട്രീ ഗാര്‍ഡ് മൂലം വളര്‍ച്ച തടസ്സപ്പെട്ട മരങ്ങള്‍ കണ്ടെത്തി അവയില്‍നിന്ന് ട്രീ ഗാര്‍ഡുകള്‍ നീക്കാന്‍ അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഉത്തരവിറക്കിയിരിക്കുകയാണ്.

മരങ്ങള്‍ നടുമ്പോള്‍ അവയെ സംരക്ഷിക്കാന്‍ സ്ഥാപിക്കുന്ന ട്രീ ഗാര്‍ഡുകളും ടയറുമൊക്കെ പിന്നീട് മരങ്ങള്‍ക്ക് ദുരിതമായി മാറുകയാണെന്ന് സമൂഹത്തോട് വിളിച്ചുപറയുകയായിരുന്നു മട്ടാഞ്ചേരിയിലെ ജീവകാരുണ്യ പ്രവര്‍ത്തകന്‍ മുകേഷ് ജെയിന്‍. റോഡരികില്‍ നില്‍ക്കുന്ന മരങ്ങളെ ട്രീ ഗാര്‍ഡുകള്‍ എങ്ങനെയാണ് ദ്രോഹിക്കുന്നതെന്ന് കോടതിയെ ബോധ്യപ്പെടുത്താന്‍ അദ്ദേഹത്തിനായി.

അങ്ങനെയാണ് ഹൈക്കോടതി പ്രശ്നത്തില്‍ ഇടപെട്ടത്. കോടതി വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രശ്നം അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ശ്രദ്ധയില്‍പ്പെടുത്തി. പ്രശ്നത്തിന് പരിഹാരം കാണണമെന്നും കോടതി നിര്‍ദേശിച്ചു.

ഈ ഉത്തരവിന്റെ പകര്‍പ്പ് ചീഫ് കണ്‍സര്‍വേറ്റര്‍ മുകേഷ് ജെയിനിന് അയച്ചുകൊടുക്കുകയും ചെയ്തു. ഓരോ മാസവും ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാനും അദ്ദേഹം വനം വകുപ്പ് ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചിട്ടുണ്ട്.

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായൊക്കെ നടുന്ന മരങ്ങള്‍ക്കാണ് സാധാരണ ട്രീ ഗാര്‍ഡുകള്‍ വയ്ക്കുന്നത്. അതിനുശേഷം ആരും അവയെ പരിപാലിക്കില്ല. മരം വളര്‍ന്ന് വലുതാകുമ്പോള്‍, ട്രീ ഗാര്‍ഡുകള്‍ വലിയ പ്രശ്നമായി മാറും. മരങ്ങളുടെ ശിഖരങ്ങളുടെ വളര്‍ച്ചയെ ഇത് തടസ്സപ്പെടുത്തുന്നതായും മുകേഷ് ചൂണ്ടിക്കാട്ടുന്നു. ഇലകളുടെ വളര്‍ച്ചയെ പോലും ഇത് ബാധിക്കുന്നു.

മരങ്ങളെ നശിപ്പിക്കുന്ന ട്രീ ഗാര്‍ഡുകള്‍ നീക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. പൊതു സ്ഥലത്തു നിന്ന പല മരങ്ങളില്‍നിന്ന് ട്രീ ഗാര്‍ഡുകള്‍ മുകേഷ് തന്നെ മാറ്റുകയും ചെയ്തിരുന്നു. കോടതിയുടെയും വനം വകുപ്പിന്റെയും ഇടപെടലുകളില്‍ സന്തോഷമുള്ളതായി മുകേഷ് ജെയിന്‍ പറഞ്ഞു.

content highlights: mukesh jain's effort bearts fruit, tree guards from grown up tress will be removed