കരുളായി(മലപ്പുറം): മൂത്തേടം യുവജനകൂട്ടായ്മയൊന്ന് ഒത്തുപിടിച്ചപ്പോള്‍ പ്രദേശത്തെ 31 വീടുകള്‍ക്ക് മേല്‍ക്കൂരയായി. കോവിഡുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിമൂലം വീടുകള്‍ അറ്റകുറ്റപ്പണി നടത്താന്‍ കഴിയാതെ വിഷമിച്ചിരുന്ന കുടുംബങ്ങള്‍ക്കാണ് കൂട്ടായ്മ വീട് പുതുക്കിപ്പണിതുനല്‍കിയത്.

പഞ്ചായത്തിലെ 32 ക്ലബ്ബുകള്‍ ചേര്‍ന്ന് രൂപവത്കരിച്ച കൂട്ടായ്മയാണ് മൂത്തേടം യുവജനകൂട്ടായ്മ. മുഴുവന്‍ വീടുകളുടെ പണിയും കൂട്ടായ്മ പ്രവര്‍ത്തകര്‍ തന്നെയാണ് ചെയ്തത്. ചില ദിവസങ്ങളില്‍ അഞ്ചുവീടുകളുടെ പണിവരെ തീര്‍ക്കാന്‍ കഴിഞ്ഞതായി ചെയര്‍മാന്‍ ഗഫൂര്‍ കല്ലറ പറഞ്ഞു.

ചില വീടുകള്‍ക്ക് അന്‍പതിനായിരത്തോളം രൂപവരെ ചെലവുവന്നിട്ടുണ്ട്. സ്പോണ്‍സര്‍മാരെ കണ്ടെത്തിയാണ് നിര്‍മാണത്തിനാവശ്യമായ തുക സ്വരൂപിച്ചത്. കൂട്ടായ്മയുടെ ചെയര്‍മാന്‍ ഗഫൂര്‍ കല്ലറ, രക്ഷാധികാരി ഷരീഫ് കാരപ്പുറം, കണ്‍വീനര്‍ മൂസ ചോളമുണ്ട, ട്രഷറര്‍ റിഥിക് വാസ് എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

content highlights: moothedam yuvajanakoottayma of malappuram completes maintanance of 31 houses