വെള്ളിയാമറ്റം(ഇടുക്കി): ഇരുപത് മിടുക്കികൾ ഇളംദേശത്ത് കൈകോർത്തു. കൈമെയ് മറന്ന് അധ്വാനിച്ചു. അങ്ങനെ തൈത്തോട്ടത്തിലെ ‘പെൺവീട്’ പൂർത്തിയായി. കുടുംബശ്രീയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ 20 സ്ത്രീകൾ ചേർന്ന് രൂപവത്കരിച്ച ‘നിർമാൺശ്രീ’ കെട്ടിടനിർമാണ യൂണിറ്റ് സുന്ദരമായ വീടുപണിതാണ് തങ്ങളുടെ വരവറിയിച്ചിരിക്കുന്നത്. പത്തുപേരുള്ള രണ്ടു സംഘങ്ങളായിട്ടാകും ഇനിയുള്ള പ്രവർത്തനം.

കുടംബശ്രീ മിഷനാണ് 20 പേർക്കും പരിശീലനം നൽകിയത്. ഏറ്റുമാനൂർ അർച്ചന കൺസ്ട്രക്ഷനെ പരിശീലനം നൽകാൻ നിയോഗിച്ചു. എട്ടുദിവസത്തോളം ക്ലാസുകളെടുത്തു. അതിനുശേഷമായിരുന്നു പ്രായോഗിക പരിശീലനം. ആശ്രയ പദ്ധതിയിൽപ്പെട്ട ഒരു വീട് പണിത് തുടങ്ങാമെന്ന് പദ്ധതിയിട്ടു.

തൈത്തോട്ടത്തിലെ പാറയ്ക്കൽ വീട്ടിൽ സാറാമ്മ സേവ്യർ തന്റെ വീട് പണിയുന്നതിന് അനുമതി നൽകിയതോടെ പെണ്ണുങ്ങൾ ഉഷാറായി. ഒരു മേസ്തിരിയുടെ മേൽനോട്ടത്തിൽ അടിത്തറ മുതൽ മേൽക്കൂര വരെ പണിതു. ഭിത്തിയും തറയും തേച്ച് പെയിന്റുമടിച്ചു. ഇനി കൂടുതൽ നിർമാണ ജോലികൾ ഏറ്റെടുക്കാനാണ് ഇവർ ഉദ്ദേശിക്കുന്നത്.

വിജയകരമായി കെട്ടിടനിർമാണം പൂർത്തിയാക്കിയ വനിതകളെ കുടുംബശ്രീയും വെള്ളിയാമറ്റം പഞ്ചായത്തും അഭിനന്ദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷീബാ രാജശേഖരൻ യോഗം ഉദ്ഘാടനം ചെയ്തു. അഞ്ജു വിജീഷ് അധ്യക്ഷയായി. ജില്ലാ മിഷൻ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ ഷാജിമോൻ, വാർഡ് മെമ്പർ രാഘവൻ, ശരത്, ബിനു ശ്രീധർ, ടെസിമോൾ മാത്യു, തങ്കമ്മാ രാജൻ തുടങ്ങിയവർ സംസാരിച്ചു.

content highlights: Members of kudumbasree bults home in vellayamattam