മേലാറ്റൂര്‍(മലപ്പുറം): ഏഴ് യുവതീയുവാക്കളുടെ മാംഗല്യസ്വപ്നം പൂവണിയിച്ച് 'മെഹര്‍-21'-ന് പരിസമാപ്തി. വേങ്ങൂര്‍ എം.ഇ.എന്‍ജിനീയറിങ് കോളേജിലെ അവസാനവര്‍ഷ വിദ്യാര്‍ഥികളുടെ കൂട്ടായ്മയില്‍ കഴിഞ്ഞ ആറുവര്‍ഷമായി നടത്തിവന്ന 'മെഹര്‍' സമൂഹവിവാഹം ഇത്തവണയും മുടക്കമില്ലാതെ നടന്നു. 

ജൂണ്‍ അഞ്ചിന് കോളേജ് ഓഡിറ്റോറിയത്തില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന സമൂഹവിവാഹം കോവിഡ് നിയന്ത്രണത്തെത്തുടര്‍ന്ന് ഓരോ വധുവിന്റെയും വീട്ടില്‍വെച്ചാണ് ഇത്തവണ നടത്തിയത്.

ഓരോ വധുവിനും ഏഴു പവന്‍ വീതം സ്വര്‍ണാഭരണങ്ങളും വധൂവരന്‍മാര്‍ക്കുള്ള വസ്ത്രങ്ങളും വിവാഹച്ചെലവുമെല്ലാം പൂര്‍വവിദ്യാര്‍ഥികള്‍, മാനേജ്മെന്റ്, അധ്യാപകര്‍, നിലവിലെ അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ എന്നിവരുള്‍പ്പെട്ട മെഹര്‍ കൂട്ടായ്മയുടെ വകയായിരന്നു.

രണ്ടു സംസ്ഥാനങ്ങളിലെ അഞ്ചു ജില്ലകളിലായി ആറുദിവസങ്ങളിലായിട്ടാണ് ഇത്തവണ മെഹര്‍-21 നടന്നത് എന്ന പ്രത്യേകതയുമുണ്ട്. വധൂഗൃഹങ്ങളില്‍ നടന്ന വിവാഹങ്ങള്‍ക്ക് പ്രിന്‍സിപ്പല്‍ ഡോ. ജി. രമേശ്, അഡ്മിനിസ്ട്രേഷന്‍ മാനേജര്‍ പി.കെ. സുബൈര്‍, വൈസ് പ്രിന്‍സിപ്പല്‍ കെ.ടി. ഹനീഷ് ബാബു, വി.പി. ഷംസുദ്ദീന്‍, ടി. ഹസനത്ത്, വിദ്യാര്‍ഥി പ്രതിനിധികളായ അബ്ദുറഹിമാന്‍, ഫാഹിദ്, ഇജാസ്, ഫായിസ്, അജ്മല്‍, പര്‍വേശ്, പി. റസീന, നിഹാല തുടങ്ങിയവര്‍ നേതൃത്വം നല്‍കി.