നെടുങ്കണ്ടം(ഇടുക്കി): ഹർത്താലിനെ അതിജീവിച്ച് ബസിലുണ്ടായിരുന്ന ഏക യാത്രക്കാരിയായ വിദ്യാർഥിനിയെ ലക്ഷ്യസ്ഥാനത്തെത്തിച്ച് നെടുങ്കണ്ടം കെ.എസ്.ആർ.ടി.സി.യിലെ ജീവനക്കാർ. നെടുങ്കണ്ടം-ശിവഗിരി കെ.എസ്.ആർ.ടി.സി. ബസ് ഡ്രൈവർ കെ.എ.ഷിജു, കണ്ടക്ടർ ജോളി മാത്യു എന്നിവരാണ് ബസിലെ ഏക യാത്രക്കാരി നെടുങ്കണ്ടം സ്വദേശിനി കെസിയാ റെയ്‌സണെ കോേളജിൽ സുരക്ഷിതമായെത്തിച്ചത്.

കൊല്ലം പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജിലെ ഒന്നാം വർഷ മെഡിക്കൽ വിദ്യാർഥിനിയാണ് കെസിയ.നെടുങ്കണ്ടത്തുനിന്ന്‌ വെളുപ്പിന് 3.15-നായിരുന്നു കെസിയയെ അച്ഛൻ ബസിൽ കയറ്റിവിട്ടത്. ഹർത്താൽ ആഹ്വാനം അറിയാതെയായിരുന്നു യാത്ര. രാവിലെ ആറിന് ബസ് മുണ്ടക്കയം സ്റ്റാൻഡിൽ എത്തിയപ്പോഴാണ് യാത്രക്കാർ ഹർത്താൽ വിവരമറിയുന്നത്. പിന്നെ ആശങ്കയുടെ നിമിഷങ്ങളായിരുന്നു.

പല സ്ഥലങ്ങളിലും ഹർത്താൽ അനുകൂലികളുടെ പ്രകടനമുണ്ടായിരുന്നു. മറ്റ് യാത്രക്കാരെല്ലാം ഇനിനോടകം ഇറങ്ങിയിരുന്നു. പ്രതിസന്ധികളെ തരണംചെയ്ത് രാവിലെ പത്തിന് കെസിയയുമായി ബസ് കൊല്ലത്തെത്തി. കെസിയയുടെ അഭ്യർഥനയെ തുടർന്ന് 40 മിനിറ്റിന് ശേഷം പാരിപ്പള്ളിയിലേക്ക്‌ യാത്ര തുടരാൻ ബസ് ഡ്രൈവർ ഷിജുവും കണ്ടക്ടർ ജോളിയും തീരുമാനിക്കുകയായിരുന്നു.

11.45-ന് പാരിപ്പള്ളിയിൽ മകളെ എത്തിച്ച ബസിലെ ജീവനക്കാരുടെ പ്രവൃത്തിയിൽ നന്ദി രേഖപ്പെടുത്തുകയാണ് കെസിയയുടെ മാതാപിതാക്കളും. സുരക്ഷിതമായി തന്നെ കോളജിൽ എത്തിച്ച കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് നന്ദി രേഖപ്പെടുത്തുകയാണ് കെസിയ.

content highlights: medical student expresses gratitude to ksrtc for service on hartal day, good news