shaji
ഷാജി കോയാപറമ്പില്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ
കോവിഡ് രണ്ടാംതല ചികിത്സാ കേന്ദ്രത്തിനു മുന്നില്‍

ആലപ്പുഴ: നാലുമാസത്തിലധികമായി ഒരവധിപോലും എടുക്കാതെ കോവിഡ് രണ്ടാംതല ചികിത്സാകേന്ദ്രത്തില്‍ (സി.എഫ്.എല്‍.ടി.സി.) ജോലിചെയ്തു മാതൃകയാവുകയാണ് ആലപ്പുഴ ഇരവുകാട് കോയാപറമ്പില്‍ വീട്ടില്‍ ഷാജി. സന്നദ്ധപ്രവര്‍ത്തനം തുടങ്ങിയിട്ടു ശനിയാഴ്ച 125 ദിവസം പിന്നിടും. ഇത്രയും ദിവസത്തിനുള്ളില്‍ ഒരിക്കല്‍പ്പോലും ഷാജി അവധിയെടുത്തിട്ടില്ല. ദിവസവും രാത്രിജോലിയാണ്, അതും പി.പി.ഇ. കിറ്റ് ധരിച്ച്.

മുല്ലയ്ക്കലില്‍ വഴിയോരക്കച്ചവടം നടത്തിയിരുന്ന ഷാജിക്കു തൊഴില്‍ ഇല്ലാതായതു കോവിഡിന്റെ വരവോടെയാണ്. ആലപ്പുഴ ഗവ.ഗേള്‍സ് സ്‌കൂളിലെ പി.ടി.എ. പ്രസിഡന്റ് കൂടിയാണു ഷാജി. നഗരസഭ ഇടപെട്ട് ആരോഗ്യവകുപ്പു ജീവനക്കാര്‍ക്ക് സ്‌കൂള്‍വാനില്‍ സൗജന്യയാത്രാ സൗകര്യമൊരുക്കിയിരുന്നു. ഇതില്‍ പങ്കാളിയായാണു ഷാജി സേവനവഴിയിലെത്തിയത്. പിന്നീട്, നഗരസഭയുടെ കോവിഡ് പ്രവര്‍ത്തനങ്ങളില്‍ ഷാജിയും പങ്കാളിയായി.

രണ്ടാംതരംഗത്തില്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ കോവിഡ് ചികിത്സാ സൗകര്യം വര്‍ധിപ്പിച്ചതോടെ മേയ് 25-നു ഷാജി ജോലിയില്‍ പ്രവേശിച്ചു. നഗരസഭ തിരഞ്ഞെടുത്ത സന്നദ്ധപ്രവര്‍ത്തകരില്‍ ഒരാളായിരുന്നു ഇദ്ദേഹം. രാത്രി ഏഴുമുതല്‍ 12 വരെയാണു ജോലി. കോവിഡ് രോഗികളെ പരിചരിക്കുക, ആവശ്യമായ സഹായം നല്‍കുക തുടങ്ങിയവയാണു ചെയ്യുന്നത്.

തുടര്‍ച്ചയായി പത്തുദിവസം ജോലിചെയ്താല്‍ ഒരവധിയുണ്ടെങ്കിലും ഷാജി അതെടുത്തില്ല. അവധിദിവസം ജോലിചെയ്താലും ഇല്ലെങ്കിലും ശമ്പളമില്ല. രാത്രി ജോലികഴിഞ്ഞു രണ്ടു മണിയോടെ വീട്ടിലെത്തും. പുലര്‍ച്ചേ അഞ്ചരയ്ക്കുണര്‍ന്നു മറ്റു സേവനജോലികളില്‍ മുഴുകും. രോഗികള്‍ക്കു മരുന്ന്, ഭക്ഷണം, വെള്ളം തുടങ്ങിയവ എത്തിക്കും. ആശുപത്രിയില്‍ കൂട്ടിരിക്കാനും സഹായിക്കാനും ആരുമില്ലാത്തവര്‍ക്ക് ആശ്രയമാകാനും തയ്യാര്‍. ഇതിനുശേഷമാണു രാത്രി ഡ്യൂട്ടി.

'തൊഴിലില്ലാതെ വന്നപ്പോഴാണു സേവനരംഗത്തേക്കിറങ്ങിയത്. പിന്നീട്, അതായി എല്ലാം' -ഷാജി പറയുന്നു. പിതാവ് അബു, മാതാവ് ഉമയിദ, ഭാര്യ സാജിത, മക്കളായ ആമിന, അസ്‌ന എന്നവരടങ്ങുന്നതാണു ഷാജിയുടെ കുടുംബം. അവധിയെടുക്കാന്‍ ഒരു തടസ്സവുമില്ലെങ്കിലും എല്ലാദിവസവും ഷാജി ഡ്യൂട്ടിക്കെത്തുമെന്ന് ജനറല്‍ ആശുപത്രി സൂപ്രണ്ട് ജമുനാ വര്‍ഗീസും പറഞ്ഞു.

content highlights: man works continiously without taking leave