തിരുനാവായ(മലപ്പുറം): മകളുടെ വിവാഹത്തോടൊപ്പം എട്ട് നിര്‍ധന യുവതികള്‍ക്ക് മംഗല്യസൗഭാഗ്യമൊരുക്കാനായത് ഒരു നിയോഗമായാണ് മയ്യേരി സിദ്ദീഖ് എന്ന പിതാവ് കണ്ടത്. 

വടക്കെ പല്ലാര്‍ മഹല്ല് വൈരങ്കോട് മയ്യേരി സിദ്ദീഖ്-ഫാത്തിമ ദമ്പതിമാരുടെ മകള്‍ ഫര്‍സാന സുരയ്യയും കുറ്റിപ്പുറം മൂടാല്‍ പെരുമ്പറമ്പ് മഹല്ലിലെ പാടത്ത് മൊയ്തീന്‍കുട്ടിയുടെ മകന്‍ മുഹ്‌സിനും തമ്മിലുള്ള വിവാഹത്തോടൊപ്പമാണ് എട്ട് യുവതികള്‍ക്ക് മംഗല്യഭാഗ്യമൊരുങ്ങിയത്. വയനാട് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍നിന്നുള്ള എട്ടു യുവതികളാണ് ഇവിടെ വിവാഹിതരായത്.

അഞ്ചുപവന്‍ സ്വര്‍ണാഭരണങ്ങളും വസ്ത്രങ്ങളും ഭക്ഷണവും യാത്രാ ചെലവുകളും സിദ്ദീഖ് നല്‍കി. പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ നിക്കാഹിന് കാര്‍മികത്വം നല്‍കി. 

കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടന്നത്. 2024-25-ല്‍ നടക്കുന്ന രണ്ടാമത്തെ മകളുടെ വിവാഹത്തിന് പത്ത് യുവതികള്‍ക്ക് മംഗല്യസൗഭാഗ്യമൊരുക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് സിദ്ദീഖും കുടുംബവും പറയുന്നു. ഗള്‍ഫിലും നാട്ടിലുമായി ബിസിനസ് നടത്തുകയാണിപ്പോള്‍ സിദ്ദീഖ്.

content highlights: man sponsors wedding of eight women on his daughter's wedding day