മറയൂര്‍: താഴെക്കിടന്ന് കിട്ടിയത് വിലയേറിയതാണെന്നറിഞ്ഞിട്ടും ശിവയുടെ മനസ്സ് മാറിയില്ല. ഒടുവില്‍ ആളെ കണ്ടെത്തി തിരിച്ചേല്‍പിച്ചപ്പോഴാണ് സമാധാനമായത്. ഇപ്പോള്‍ ശിവ താരമാണ്; നന്മയുടെയും ശരിയുടെയും താരം.
ശബരിമലയില്‍ ജോലിക്കായി പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വാങ്ങി മടങ്ങിവരുമ്പോഴാണ്, ദേവികുളം സോത്തുപാറ ടോപ്പ് ഡിവിഷനില്‍ മായാണ്ടിയുടെയും അങ്കമ്മാളിന്റെയും മകന്‍ എം.ശിവയ്ക്ക്(30) രണ്ട് ലാപ്ടോപ്പ് അടങ്ങിയ ബാഗ് കിട്ടിയത്. മൂന്നുലക്ഷത്തോളം രൂപ വിലമതിക്കുന്നവയായിരുന്നു അത്.
പലരുടെയും സഹായത്തോടെ ഉടമസ്ഥനെ തിരക്കിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. സോത്തുപാറ സ്‌കൂളിലെത്തി പ്രഥമാധ്യാപകനായ ആര്‍.സെല്‍വിന്‍രാജിന്റെ സഹായം തേടി. ബാഗില്‍നിന്ന് കിട്ടിയ വിസിറ്റിങ് കാര്‍ഡിലെ ഫോണ്‍ നമ്പരില്‍ ബന്ധപ്പെട്ടപ്പോള്‍ കിട്ടിയില്ല. പിന്നെ ലാപ്‌ടോപ്പില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആളെ കണ്ടെത്തി.
പ്രശസ്തയായ പ്രസംഗകയും ബ്രിട്ടന്‍ സ്വദേശിനിയുമായ പാരിന്‍ സോമാനിയുടേതാണ് ലാപ്ടോപ്പുകള്‍ എന്ന് തിരിച്ചറിഞ്ഞു. പാരിന്‍ സോമാനിയുമായി ബന്ധപ്പെട്ടപ്പോള്‍, ഗുജറാത്തിലെ ആശുപത്രിയില്‍ മകള്‍ ചികിത്സയിലാണെന്ന് പറഞ്ഞു. ദിണ്ഡുക്കലില്‍നിന്ന് മൂന്നാര്‍വഴി കൊച്ചിയിലേക്ക് പോയി മടങ്ങുംവഴിയാണ് ലാപ്ടോപ്പും തുണിയുമടങ്ങിയ ബാഗ് നഷ്ടപ്പെട്ടത്.
ഡിസംബറില്‍ മകളുടെ പരീക്ഷയായതിനാല്‍ ലാപ്ടോപ്പ് നഷ്ടപ്പെട്ടതില്‍ മകള്‍ വിഷമത്തിലായിരുന്നു എന്നും പാരിന്‍ സോമാനി പറഞ്ഞു. വരാന്‍ കഴിയില്ലെന്നും ലാപ്‌ടോപ്പുകള്‍ ദിണ്ഡുക്കലിലെ ട്രാവല്‍ ഏജന്റിന്റെ കൈവശമെത്തിക്കാനും പറഞ്ഞു. ചൊവ്വാഴ്ച തിരുപ്പൂരില്‍നിന്ന് കൊറിയര്‍ ഏജന്റ് ശബരി സോത്തുപാറയിലെത്തി ലാപ്ടോപ്പുകള്‍ കൈപ്പറ്റി. മകളുടെ അസുഖം മാറിക്കഴിഞ്ഞ് സോത്തുപാറയിലെത്തി ശിവയെ കാണുമെന്ന ഉറപ്പ് പാരിന്‍ സോമാനി നല്കിയിട്ടുണ്ട്. ഇക്കൊല്ലത്തെ 40 മികച്ച ടോപ്പ് ഇന്‍സ്പയറിങ് വിമന്‍ പട്ടികയില്‍ ഇടംനേടിയ ആളാണ് പാരിന്‍ സോമാനി.
content highlights: man returns lost laptop to original owner