ളഞ്ഞുപോയെന്നു കരുതുന്ന പഴ്‌സ് തിരികെ കിട്ടുന്നത് സന്തോഷമുള്ള കാര്യമാണ്. പ്രത്യേകിച്ച് പണവും തിരിച്ചറിയല്‍ രേഖകളും ഉള്‍പ്പെടെയുള്ളവ അടങ്ങിയ പഴ്‌സാണ് നഷ്ടപ്പെടുന്നതെങ്കില്‍. 

ഇനി പഴ്‌സ് തിരിച്ചു കിട്ടുമ്പോള്‍ കളഞ്ഞുപോയ സമയത്തെക്കാള്‍ കൂടുതല്‍ പണം കൂടി അതിലുണ്ടെങ്കിലോ? അങ്ങനെയൊരു അനുഭവമാണ് അമേരിക്കക്കാരനായ ഹണ്ടര്‍ ഷാമട്ടിനുണ്ടായതെന്ന് മെട്രോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഷാമട്ടിനൊപ്പം യാത്ര ചെയ്ത ആരോ ഒരാളാണ് പഴ്‌സ് തിരികെ നല്‍കിയത്. 

സംഭവം ഇങ്ങനെ: ഈ മാസമാദ്യം സഹോദരിയുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ വിമാനയാത്രയ്ക്കിടെയാണ് ഹണ്ടര്‍ ഷാമട്ടിന്റെ പഴ്‌സ് നഷ്ടപ്പെട്ടു പോയത്. ലാസ് വേഗാസിലായിരുന്നു വിവാഹച്ചടങ്ങുകള്‍. 

ഒമാഹയില്‍നിന്ന് ഡെന്‍വറിലേക്കുള്ള ഫ്രണ്ടിയര്‍ എയര്‍ലൈന്‍സിന്റെ വിമാനത്തിലായിരുന്നു യാത്ര. അതിനിടെയാണ് ഇരുപതുകാരനായ ഷാമട്ടിന്റെ തിരിച്ചറിയല്‍ കാര്‍ഡും പണവും ഡെബിറ്റ് കാര്‍ഡും അടങ്ങിയ പഴ്‌സ് കളഞ്ഞുപോകുന്നത്. അറുപത് ഡോളറായിരുന്നു ആ സമയത്ത് പഴ്‌സിലുണ്ടായിരുന്നത്. 

പഴ്‌സ് നഷ്ടപ്പെട്ട കാര്യം മനസ്സിലായതോടെ ഷാമട്ടും കുടുംബവും ഫ്രണ്ടിയര്‍ എയര്‍ലൈന്‍സിനെ വിവരം അറിയിച്ചു. അപ്പോഴാണ് പഴ്‌സ് കളഞ്ഞുകിട്ടിയ ആള്‍ അത് തിരികെ ഏല്‍പിച്ചുവെന്ന കാര്യം ഷാമട്ടും കുടുംബവും അറിയുന്നത്. തുടര്‍ന്ന് ഷാമട്ടിന്റെ പഴ്‌സ് പാഴ്‌സല്‍ മുഖാന്തരം വീട്ടിലെത്തി. 

തുറന്നു നോക്കിയപ്പോളാണ് ഷാമട്ട് ഞെട്ടിയത്.കളഞ്ഞുപോയ സമയത്ത് അറുപത് ഡോളറുണ്ടായിരുന്ന പഴ്‌സില്‍ തിരിച്ചു കിട്ടിയപ്പോളുണ്ടായിരുന്നത് നൂറു ഡോളര്‍. ഒപ്പം ഒരു കുറിപ്പുമുണ്ടായിരുന്നു. ഒമാഹയില്‍നിന്ന് ഡെന്‍വറിലേക്കുള്ള വിമാനത്തിലെ പന്ത്രണ്ടാം വരിയിലെ സീറ്റിനടിയില്‍ കിടന്നാണ് പഴ്‌സ് ലഭിച്ചതെന്നായിരുന്നു കുറിപ്പ്.

ഒപ്പം പഴ്‌സില്‍ നാല്‍പത് ഡോളര്‍ അധികം വച്ചിട്ടുണ്ടെന്നും കുറിപ്പില്‍ പറയുന്നു. പഴ്‌സ് തിരികെ കിട്ടുമ്പോള്‍ നിങ്ങള്‍ക്ക് ആഘോഷിക്കാന്‍ വേണ്ടി നാല്‍പത് ഡോളര്‍ അധികം വച്ചിട്ടുണ്ടെന്നും കുറിപ്പില്‍ പറയുന്നുണ്ട്. എന്നാല്‍ ആര്‍ക്കാണ് പഴ്‌സ് ലഭിച്ചതെന്ന് വ്യക്തമല്ല. കുറിപ്പിനൊപ്പം ആ വ്യക്തിയുടെ ടി ബി എന്ന ഇനിഷ്യല്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഷാമട്ടിന്റെ അമ്മ ജിയാനി, സംഭവത്തെ  കുറിച്ചും പഴ്‌സ് തിരികെ ഏല്‍പിച്ചയാള്‍ക്ക് നന്ദി പറഞ്ഞുകൊണ്ടും ഫെയ്‌സ്ബുക്കില്‍ കുറിപ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്.

facebook post
Image courtesy: Facebook/ Jeannie Shamatt

content highlights: Man loses purse during journey then someone returned to him with more cash stuffed inside