കൊല്ലങ്കോട്: അച്ഛന്റെ ഒന്നാം ശ്രാദ്ധദിന ചടങ്ങുകള്‍ക്കായി നീക്കിവെച്ച 10,000 രൂപ ജില്ലാ ആശുപത്രിയിലെ കാന്‍സര്‍ വാര്‍ഡില്‍ കഴിയുന്നവര്‍ക്ക് മരുന്നുവാങ്ങാനും പാലിയേറ്റിവ് കെയറിനും നല്‍കി ആംബുലന്‍സ് ഡ്രൈവര്‍. 

പാലക്കാട് ജില്ലാ ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവര്‍ കൊല്ലങ്കോട് പാലക്കോട് വീട്ടില്‍ ഷാജിയാണ് (39) അച്ഛന്‍ ബാലകൃഷ്ണന്റെ ഒന്നാം ശ്രാദ്ധദിനത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് തയ്യാറായി തുക കൈമാറിയത്.

പെരിങ്ങോട്ടുകുറിശ്ശി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡ്രൈവറായ ഷാജി കഴിഞ്ഞ മൂന്നരവര്‍ഷമായി ജില്ലാ ആശുപത്രിയിലാണ് ജോലി നോക്കുന്നത്. ശ്രാദ്ധത്തിനുവെച്ച തുകയില്‍ 10,000 രൂപ ജില്ലാ ആശുപത്രിയിലെ കാന്‍സര്‍ രോഗികളുടെ ആവശ്യങ്ങള്‍ക്കായി ഓങ്കോളജി വിഭാഗത്തിലെ ഡോക്ടര്‍ കെ.ആര്‍. ദീപുവിന് കൈമാറുകയായിരുന്നു. 

6,000 രൂപ പെരിങ്ങോട്ടുകുറിശ്ശി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ പാലിയേറ്റീവ് ആവശ്യങ്ങള്‍ക്കും നല്‍കി. ജീവന്‍രക്ഷാപ്രവര്‍ത്തനത്തിന് 2020-ലെ റിപ്പബ്ലിക്ദിന പരേഡില്‍വെച്ച് മികച്ച സേവനത്തിനുള്ള കളക്ടറുടെ പ്രത്യേക പുരസ്‌കാരം മന്ത്രി എ.കെ. ബാലനില്‍നിന്ന് ഷാജി ഏറ്റുവാങ്ങിയിരുന്നു.