കരൂപ്പടന്ന(തൃശ്ശൂര്‍): പി. ഇന്ദുശേഖരന്റെ ആഗ്രഹ പൂര്‍ത്തീകരണമായി പുസ്തകശേഖരം ഇനി കരൂപ്പടന്നയിലെ അക്ഷരവെളിച്ചമാകും. രണ്ടു മാസം മുമ്പ് മരിച്ച ഇന്ദുശേഖരന്റെ വീട്ടില്‍ ശേഖരിച്ച് സൂക്ഷിച്ചിരുന്ന 800 പുസ്തകങ്ങള്‍ കരൂപ്പടന്ന ഗ്രാമീണ വായനശാലയ്ക്ക് കൈമാറി.

സെപ്റ്റംബര്‍ 17-ന് തന്റെ 69-ാം വയസ്സില്‍ ഈ ലോകത്തോട് വിടപറയും മുമ്പ് കഴിഞ്ഞ കുറെ ദശാബ്ദങ്ങളായി സാമൂഹിക, സംസ്‌കാരിക, വിദ്യാഭ്യാസ, ആരോഗ്യ, ശാസ്ത്ര, പാരിസ്ഥിതിക, നാടക രംഗങ്ങളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തിരുന്നു ഇന്ദുശേഖരന്‍.

അക്കിത്തം, വിഷ്ണുനാരായണന്‍ നമ്പൂതിരി, കാവാലം നാരായണപ്പണിക്കര്‍, ജോസ് ചിറമേല്‍ തുടങ്ങി സാഹിത്യ, സാംസ്‌കാരിക രംഗത്തുള്ള നിരവധി പേരോട് സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു.

കരൂപ്പടന്ന ഗ്രാമീണ വായനശാലയുടെ നേതൃത്വത്തില്‍ നടന്ന അനുസ്മരണസമ്മേളനം സാഹിത്യകാരന്‍ ബാലകൃഷ്ണന്‍ അഞ്ചത്ത് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് എ.കെ. മജീദ് അധ്യക്ഷനായി. വി.കെ. ശ്രീധരന്‍ മുഖ്യ പ്രഭാഷണം നടത്തി.

പുസ്തകശേഖരം ഇന്ദുശേഖരന്റെ മകന്‍ ഗൗതം വായനശാലയ്ക്കുവേണ്ടി ലൈബ്രറി കൗണ്‍സില്‍ ജില്ലാ കമ്മിറ്റി അംഗം ഖാദര്‍ പട്ടേപ്പാടത്തിന് കൈമാറി.
തുമ്പൂര്‍ ലോഹിതാക്ഷന്‍, എം.എസ്. കാശി വിശ്വനാഥന്‍, പി.കെ. അബ്ദുല്‍ മനാഫ്, ടി.എ. അഫ്‌സല്‍, ഗിരിജാ കേശവന്‍, രാധലക്ഷ്മി ആനാട്ട്, സുബൈര്‍ കായംകുളം, രാധാകൃഷ്ണന്‍ ചിറയില്‍, സുഗതന്‍ മണലിക്കാട്ടില്‍, പി.കെ.എം. അഷ്റഫ് എന്നിവര്‍ പ്രസംഗിച്ചു.

നിറവേറ്റിയത് അച്ഛന്റെ അന്ത്യാഭിലാഷം

തന്റെ മരണശേഷം പുസ്തകങ്ങള്‍ വരുംതലമുറയ്ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന വിധം വായനശാലയ്ക്ക് കൈമാറണം എന്നത് അച്ഛന്റെ ആഗ്രഹമായിരുന്നു. സഹോദരി ഗായത്രിയോട് ആലോചിച്ച് പുസ്തകം കൈമാറാനുള്ള തീരുമാനം അറിയിക്കുകയായിരുന്നു-ഗൗതം, പി. ഇന്ദുശേഖരന്റെ മകന്‍

മുതല്‍ക്കൂട്ടാകുന്ന പുസ്തകങ്ങള്‍

വായനശാലയ്ക്കും കരൂപ്പടന്നയ്ക്കും മുതല്‍ക്കൂട്ടാകുന്ന പുസ്തകങ്ങളാണ് കൈമാറിയത്. വിദ്യാര്‍ഥികള്‍ക്ക് റഫറന്‍സിനായി ഉപയോഗിക്കാവുന്നവയാണ് ഏറെയും. . ഇന്ദുശേഖരന്റെ ഓര്‍മ്മകള്‍ പങ്കുവെയ്ക്കാനും അദ്ദേഹം മുന്നോട്ടുവെച്ച ആശയങ്ങള്‍ ജനങ്ങളില്‍ എത്തിക്കാനും ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ വായനശാലയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നടത്തും- എ.കെ. മജീദ്, വായനശാല പ്രസിഡന്റ്.

content highlights: man donates 800 books to village library