ചാലിശ്ശേരി: സാധനങ്ങള്‍ കടകളിലേക്ക് എത്തിച്ച് നല്‍കുന്ന യാത്രയ്ക്കിടെ ഉച്ചഭക്ഷണം ലഭിക്കാതെ വിശപ്പിന്റെ വിലയറിഞ്ഞതോടെ ചാലിശ്ശേരി ചെറുവത്തൂര്‍ കോട്ടക്കാരന്‍ രാജു ഉച്ചഭക്ഷണപ്പൊതികളുമായി റോഡിലിറങ്ങി. 

ചൂണ്ടല്‍-കുറ്റിപ്പുറം സംസ്ഥാനപാതയിലെ കടവല്ലൂരിലാണ് നാലിനം കറികളോടെ പൊതിച്ചോറും ഒരു ലിറ്റര്‍ വെള്ളവും നല്‍കുന്നത്. നിങ്ങള്‍ ഭക്ഷണം കഴിച്ചോയെന്നൊരു ബോര്‍ഡോടെയാണ് ഭക്ഷണപ്പൊതിയുമായുള്ള കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത്.

ചരക്കുകളുമായി പോകുന്ന വാഹനങ്ങളിലെ ജീവനക്കാര്‍ക്കാണ് പ്രധാനമായി ഭക്ഷണം നല്‍കുക.70 പേര്‍ക്കാണ് രാജു ആദ്യദിവസം ഭക്ഷണം തയ്യാറാക്കിയത്. പുതിയ ദൗത്യത്തിന്റെ ഭാഗമായി വീടിനോട് ചേര്‍ന്ന് ചെറിയൊരു പാചകപ്പുര തയ്യാറാക്കി. 

വീട്ടിലെ അംഗങ്ങളായ ഷീല, ബിനു, ബ്ലെസി, സേറ എന്നിവരും ചാലിശ്ശേരി അങ്ങാടി ഹെബ്രോണ്‍ സ്ട്രീറ്റിലെ അയല്‍വാസികളും പിന്തുണയുമായുണ്ട്. കെട്ടിട നിര്‍മാണത്തിനുള്ള ഹാര്‍ഡ്വേര്‍ സാധനങ്ങള്‍ കടകളിലേക്ക് എത്തിച്ചുനല്‍കുന്നതാണ് രാജുവിന്റെ ഉപജീവനമാര്‍ഗം.

content highlights: man distributes food to drivers