ഉദുമ(കാസര്‍കോട്): നാട്ടുകാര്‍ കൈകോര്‍ത്തതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ സ്വരൂപിച്ചത് ഒരു ലക്ഷത്തിലധികം രൂപ. കടലില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ച അതിഥിത്തൊഴിലാളിയുടെ മൃതദേഹം 5000-ത്തിലേറെ കിലോമീറ്റര്‍ ദൂരെയുള്ള ബംഗാളിലെ വീട്ടുകാരെ അവസാനമായി കാണിക്കാനാണ് പള്ളിക്കര ബേക്കലിലെ ജനങ്ങള്‍ ജാതി-മത വ്യത്യാസമില്ലാതെ കൈകോര്‍ത്ത് ഇത്രയും തുകയുണ്ടാക്കിയത്.

ഞായറാഴ്ച ഉച്ചയോടെ ബേക്കല്‍ പുതിയ കടപ്പുറത്ത് കടലില്‍ കുളിക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ച അതിഥിത്തൊഴിലാളി സഫിജുള്‍ ഇസ്‌ലാ(19)മിന്റെ മൃതദേഹമാണ് ചടങ്ങുകള്‍ പൂര്‍ത്തിയാക്കി നാട്ടുകാര്‍ ജന്മനാട്ടിലേക്കയച്ചത്. തിങ്കളാഴ്ച രാവിലെ 10 മണിയോടെ തൃക്കണ്ണാടിനടുത്ത് പുറംകടലില്‍നിന്ന് ഫിഷറീസ് വകുപ്പിന്റെ റെസ്‌ക്യൂ ബോട്ടിലെ ജീവനക്കാരായ പി.മനു, ഒ.ധനിഷ് ,ശിവകുമാര്‍, ഡ്രൈവര്‍ നാരായണന്‍ എന്നിവരാണ് മൃതദേഹം കണ്ടെത്തിയത്.

തുടര്‍ന്ന് നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി മൃതദേഹം ബേക്കലിലെ മൈതാനത്ത് പൊതുദര്‍ശനത്തിച്ചപ്പോഴേക്കും പള്ളിക്കര പഞ്ചായത്ത് ഒന്നാം വാര്‍ഡംഗം മുഹമ്മദ് കുഞ്ഞി ചോണായിയും കൂട്ടരും മുന്നിട്ടിറങ്ങി ഒരു ലക്ഷത്തിലധികം രൂപ സ്വരുക്കൂട്ടിക്കഴിഞ്ഞിരുന്നു. രണ്ടുദിവസത്തെ യാത്ര വേണ്ടതിനാല്‍ ഫ്രീസര്‍സൗകര്യമുള്ള ആംബുലന്‍സും രണ്ട് ഡ്രൈവറും സഹതാമസക്കാരായ മൂന്ന് അതിഥിത്തൊഴിലാളികളും ഈ വാഹനത്തില്‍ പോയിട്ടുണ്ട്.

അതിഥിത്തൊഴിലാളികള്‍ മരിച്ചാല്‍ മൃതദേഹം ജന്മനാട്ടിലെത്തിക്കാന്‍ വേണ്ടിവരുന്ന ചെലവ് അല്ലെങ്കില്‍ പരമാവധി അരലക്ഷം രൂപ, ഏതാണോ കുറവ് അത് സംസ്ഥാന തൊഴില്‍വകുപ്പ് അനുവദിക്കുന്നുണ്ട്. ഈ തുക ബന്ധുക്കള്‍ക്ക് ലഭ്യമാക്കാനുള്ള ശ്രമവും നാട്ടുകാര്‍ തുടങ്ങിയിട്ടുണ്ട്.

പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം.കുമാരന്‍ പനയാല്‍, ലേബര്‍ ഓഫീസര്‍ എം.ടി.പി. ഫൈസല്‍, തീരദേശ പോലീസ് സേനയിലെ എ.എസ്.ഐ.മാരായ ബാലചന്ദ്രന്‍, എം.ടി.പി. സൈഫുദീന്‍ തുടങ്ങിയവരും യുവാവിന്റെ മൃതദേഹം ബംഗാളിലെ മുര്‍ഷിദബാദ് ജില്ലയിലെ ബാബുള്‍തലിയിലേക്ക് അയക്കാനുള്ള യജ്ഞത്തില്‍ പങ്കാളികളായി.

നിര്‍മാണത്തൊഴിലാളിയായ സഫിജുള്‍ കഴിഞ്ഞ ഒരു വര്‍ഷമായി ബേക്കല്‍ കവലയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുകയായിരുന്നു. മുര്‍ഷിദാബാദ് കാര്‍ത്തികേര്‍പറയിലെ കബില്‍ഷേയ്ഖിന്റെയും മഫ്‌റൂസയുടെയും മകനാണ്.

content highlights: locals collects one lakh rupee to sent guest labour's deadbody to home