കുന്നംകുളം(തൃശ്ശൂര്‍): കോവിഡ് കാലത്തെ പോലീസ് മാതൃക കാണണമെങ്കില്‍ പോര്‍ക്കുളത്തേക്ക് ചെല്ലണം. സ്വന്തം വീട് വിദേശത്തുനിന്നെത്തിയ വ്യക്തിക്ക് നിരീക്ഷണത്തിലിരിക്കാന്‍ നല്‍കിയിരിക്കുകയാണ് ഒരു പോലീസ് ഉദ്യോഗസ്ഥ.

കുന്നംകുളം പോലീസ് സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫീസര്‍ എം.കെ. ജാന്‍സിയാണ് കാട്ടകാമ്പാല്‍ സ്വദേശിക്ക് വീട് വിട്ടുനല്‍കിയത്. പ്രവാസിക്ക് വീട്ടു നിരീക്ഷണത്തിലിരിക്കല്‍ പ്രായോഗികമല്ലെന്ന് അറിഞ്ഞാണ് പോര്‍ക്കുളത്ത് ഒഴിഞ്ഞുകിടന്ന വീട് വൃത്തിയാക്കിനല്‍കിയത്.

ക്വാറന്റീന്‍ എന്നു കേള്‍ക്കുമ്പോഴേക്കും പേടിച്ചുമാറുന്നവര്‍ ഏറെയാണ്. വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും വരുന്നവര്‍ കോവിഡ് ബാധിതരാണെന്ന അജ്ഞതയുമുണ്ട്. ഇങ്ങനെയുള്ളവര്‍ക്കെല്ലാം മറുപടിയാണ് ഈ നല്ലമനസ്സ്.

ഈ മാസം ആറിനാണ് കാട്ടകാമ്പാല്‍ രാമപുരത്തുള്ള വ്യക്തി നാട്ടിലെത്തിയത്. രാമപുരത്ത് ഇവര്‍ താമസിക്കുന്ന സ്ഥലത്ത് അടുത്തടുത്ത് വീടുകളാണ്. വീട്ടിലെ മുറിയോടു ചേര്‍ന്ന് ശൗചാലയസൗകര്യവുമില്ല. വീട്ടുനിരീക്ഷണം പറഞ്ഞിരുന്നതിനാല്‍ മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റാനുമായില്ല. 14 ദിവസം നിരീക്ഷണത്തിലിരിക്കാന്‍ സൗകര്യപ്രദമായ സ്ഥലം ലഭിക്കാഞ്ഞത് ഗ്രാമപ്പഞ്ചായത്തംഗം ഷീജ ജനമൈത്രി പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തി.

ബീറ്റ് ഓഫീസര്‍മാരായ എം.കെ. ജാന്‍സി, എസ്. സുമേഷ് എന്നിവര്‍ ഇവരുടെ അടുത്തെത്തി. ജാന്‍സിയും കുടുംബവും പോലീസ് ക്വാര്‍ട്ടേഴ്സിലായിരുന്നു താമസം. സിറ്റി പോലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലും ഇവരുടെ പ്രവര്‍ത്തനത്തിന് അഭിനന്ദനങ്ങളേറെ ലഭിക്കുന്നുണ്ട്.

content highlights: lady police officer hands over own house to an expat for quarantining