തിരൂരങ്ങാടി(മലപ്പുറം): തലചായ്ക്കാനൊരു സ്വന്തം കിടപ്പാടമായിരുന്നു ആ 14 കുടുംബങ്ങളുടെ സ്വപ്നം. പക്ഷെ പറഞ്ഞിട്ടെന്താ വീടുവെക്കാന്‍ ഒരു തുണ്ടു ഭൂമിയില്ല. വിലകൊടുത്തു വാങ്ങാനൊട്ടു പാങ്ങുമില്ല. വീടെന്ന ആഗ്രഹം മനസ്സില്‍കൊണ്ടുനടന്ന ആ കുടുംബങ്ങളുടെ മുന്നിലേക്ക് ദൈവദൂതനെപ്പോലെ തിരൂരങ്ങാടി കരിപറമ്പിലെ കെ.ടി. മൂസയെത്തി. വീടുവെക്കാനായി എല്ലാവര്‍ക്കുംകൂടി അദ്ദേഹം സൗജന്യമായി നല്‍കിയത് ഒരേക്കര്‍ ഭൂമി. കൈകോര്‍ത്ത് പന്താരങ്ങാടി സംയുക്ത മഹല്ല് കമ്മിറ്റിയുമെത്തിയതോടെ ഇവര്‍ക്ക് സ്വപ്ന വീടൊരുങ്ങും.

'കാരുണ്യസ്പര്‍ശം' എന്നാണ് പദ്ധതിയുടെ പേര്. സംയുക്തമഹല്ല് കമ്മറ്റിയാണ് അര്‍ഹരായവരെ കണ്ടെത്തിയത്. ഇതിനായവര്‍ നാട്ടിലെ എല്ലാവിഭാഗം രാഷ്ട്രീയപ്പാര്‍ട്ടികളുടെയും മതവിഭാഗങ്ങളുടെയും പിന്തുണയുംതേടി. ഭൂമിയുടെ രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയാക്കി. വിധവകളും നിര്‍ധനരുമായ 13-വനിതകളടക്കം 14-പേര്‍ക്ക് ഞായറാഴ്ച വൈകീട്ട് മൂസ ഹാജിയുടെ വീട്ടുമുറ്റത്ത് നടന്ന ലളിതമായ ചടങ്ങില്‍ സ്ഥലത്തിന്റെ ആധാരങ്ങള്‍ കൈമാറി. ഈ സ്ഥലങ്ങളില്‍ വീടുകള്‍ നിര്‍മിക്കുന്ന കുടുംബങ്ങള്‍ക്ക് സഹായങ്ങള്‍ നല്‍കാനായി നാട്ടുകാരും പൊതുപ്രവര്‍ത്തകരും സജ്ജരായെത്തി.

കെ.പി.എ. മജീദ്. എം.എല്‍.എ. ഭൂമിയുടെ രേഖകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. മഹല്ല് പ്രസിഡന്റ് പുള്ളാട്ട് മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷന്‍ കെ.പി. മുഹമ്മദ്കുട്ടി, കൃഷ്ണന്‍ കോട്ടുമല, നിയാസ് പുളിക്കലകത്ത്, മഹല്ല് ഖത്തീബ് ജഹ്ഫര്‍ അന്‍വരി, കെ.ടി. മൂസ ഹാജി, സി.പി. ഇസ്മായീല്‍, യു.കെ. മുസ്തഫ, അഡ്വ. സി. ഇബ്റാഹീംകുട്ടി, എ.ടി. ഉണ്ണി, സി.പി. സുധാകരന്‍, സി.പി. അബ്ദുല്‍ വഹാബ്, സി.പി. നൗഫല്‍, വി.വി. സുലൈമാന്‍, അയ്യൂബ് കുന്നുമ്മല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

content highlights: kt moosahaji donates one acre of land to homeless people to built house