ഉപ്പുതറ(ഇടുക്കി): സാനിയയ്ക്കും സജോയ്ക്കും ഓണ്‍ലൈന്‍ ക്ലാസില്‍ കയറാന്‍ പറ്റുന്നുണ്ടായിരുന്നില്ല. വൈദ്യുതി ഇല്ലാത്തതും പഠനോപകരങ്ങള്‍ ഇല്ലാത്തതുമായിരുന്നു കാരണം. ഉപ്പുതറയിലെ കെ.എസ്.ഇ.ബി. ജീവനക്കാര്‍ ഇതറിഞ്ഞു. പിന്നെ ഒട്ടും താമസിച്ചില്ല. വയറിങ് സാമഗ്രികളും വാങ്ങി ആ കൊച്ചുവീട്ടിലേക്ക് പോയി. ഒറ്റ ദിവസംകൊണ്ട് അവിടെ വെളിച്ചമെത്തിച്ചു. ഇനി ഇവര്‍ക്ക് വേണ്ടത് ഓണ്‍ലൈന്‍ പഠനസാമഗ്രികളാണ്.

കല്ലാര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനി എ.എസ്.സാനിയമോള്‍, സഹോദരന്‍ എ.എസ്.സജോമോന്‍ എന്നിവരുടെ വീട്ടിലാണ് ജീവനക്കാര്‍ വൈദ്യുതി നല്‍കിയത്.

കൊച്ചുകരുന്തരുവി അഴകന്‍വിള എ.ജെ.ഷാജിയുടെ മക്കളാണ് ഇരുവരും. നട്ടെല്ലിന്റെ തേയ്മാനവും കരള്‍ സംബന്ധമായ രോഗവുംമൂലം നാളുകളായി ഷാജി ചികിത്സയിലാണ്. ഹോം നഴ്‌സായി ജോലി ചെയ്യുന്ന ഭാര്യ ഗ്രേസ് മേരിയുടെ തുച്ഛമായ വരുമാനമാണ് കുടുംബത്തിന് ആശ്രയം. വീട്ടില്‍ വയറിങ് നടത്തി വൈദ്യുതി എത്തിക്കാനുള്ള ചെലവ് വഹിക്കാന്‍ ഇവര്‍ക്ക് ആകുമായിരുന്നില്ല. വൈദ്യുതിയില്ലാത്തതിനാല്‍ സ്മാര്‍ട്ഫോണോ ടി.വി.യോ വീട്ടിലില്ല. അതുകൊണ്ടുതന്നെ പഠനവും മുടങ്ങി. 

ഇക്കാര്യം സ്‌കൂള്‍ അധികൃതരും എം.എം.മണി എം.എല്‍.എ.യുടെ ഓഫീസും കെ.എസ്.ഇ.ബി. ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുത്തി. അവരെത്തി വീട്ടിലെ ദയനീയാവസ്ഥ നേരിട്ട് മനസ്സിലാക്കി. ജീവനക്കാര്‍തന്നെ വയറിങ് സാമഗ്രികള്‍ വാങ്ങി. വയറിങ് ജോലികളും ചെയ്ത് വൈദ്യുതി എത്തിക്കുകയായിരുന്നു. വയറിങ് സാമഗ്രികള്‍ വാങ്ങിയത് ജീവനക്കാരുടെ സ്വന്തം ചെലവില്‍ തന്നെ. അസി.എന്‍ജിനീയര്‍ ബിജു അഗസ്റ്റിന്‍, സബ് എന്‍ജിനീയര്‍ റോയ് മാത്യു, ഓവര്‍സിയര്‍മാരായ രവീന്ദ്രന്‍, ജോസഫ്, ഇലക്ട്രിക് വര്‍ക്കര്‍മാരായ വിനോദ്, ജോസഫ് എന്നിവരാണ് നേതൃത്വം നല്‍കിയത്.