ഒറ്റപ്പാലം(പാലക്കാട്): മകനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് മാപ്പ് നല്‍കി കാരുണ്യത്തിന്റെ വേറിട്ട മാതൃക തീര്‍ത്ത കുടുംബത്തിന് വീടായി. സൗദി അറേബ്യയില്‍ കൊല്ലപ്പെട്ട പത്തൊമ്പതാം മൈല്‍ ലക്ഷം വീട് കോളനി പാലത്തിങ്ങല്‍ ആഷിഫിന്റെ ഉമ്മ ആയിഷബീവിക്കും (63) കുടുംബത്തിനുമാണ് കെ.എം.സി.സി. 'സ്‌നേഹഭവനം' നിര്‍മിച്ചുനല്‍കിയത്. വീടിന്റെ താക്കോല്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ കൈമാറി.

ആറരസെന്റ് സ്ഥലമടക്കം 25 ലക്ഷം രൂപ ചെലവിലാണ് ചുനങ്ങാട് പിലാത്തറയില്‍ കിഴക്കന്‍ പ്രവിശ്യ കെ.എം.സി.സി. കമ്മിറ്റി വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

2011-ലാണ് സൗദി അറേബ്യയിലെ അല്‍ ഹസ്സയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനായിരുന്ന ആഷിഫ് കൊല്ലപ്പെട്ടത്. കൂടെ താമസിച്ചിരുന്ന സഹപ്രവര്‍ത്തകനായ ഉത്തര്‍പ്രദേശ് സ്വദേശി മഹ്‌റം അലി സഫിയുല്ല വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് ആഷിഫിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. അല്‍ഹസ്സ കോടതി മഹ്‌റമിന് വധശിക്ഷ വിധിച്ചു. എന്നാല്‍, മാനസികനില ശരിയല്ലാത്തതിനെത്തുടര്‍ന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും വധശിക്ഷ നടപ്പാക്കാന്‍ കഴിഞ്ഞിരുന്നില്ല.

രണ്ട് കുടുംബത്തിന്റെയും ദയനീയാവസ്ഥ മനസ്സിലാക്കിയ കെ.എം.സി.സി. ഇരുകുടുംബങ്ങളെയും പാണക്കാട് കൊടപ്പനയ്ക്കല്‍ തറവാട്ടിലെത്തിച്ചു. മൂന്ന് വര്‍ഷംമുമ്പ് ഇവിടെവെച്ച് ആയിഷ ബീവിയും കുടുംബവും തന്റെ മകന്റെ ഘാതകനായ മഹ്‌റാമിന് മാപ്പ് നല്‍കുകയായിരുന്നു. തുടര്‍ന്ന്, വര്‍ഷങ്ങളായി വാടകവീട്ടില്‍ കഴിയുകയായിരുന്ന ആയിഷാബീവിയുടെയും കുടുംബത്തിന്റെയും ദുരിതാവസ്ഥ സാദിഖലി ശിഹാബ് തങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതിന് പിന്നാലെ കെ.എം.സി.സി. വീട് നിര്‍മാണമെന്ന ദൗത്യം ഏറ്റെടുക്കുകയായിരുന്നു.

സ്‌നേഹഭവന്‍ നിര്‍മാണക്കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് കുട്ടി കോഡൂര്‍ അധ്യക്ഷനായി. മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ പി.എ. തങ്ങള്‍, സൗദി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഖാദര്‍ ചെങ്കള, ഇദ്രീസ് സലാഹി, എം. മുഹമ്മദ് ഫാറൂഖ്, എ.പി. ഉണ്ണിക്കൃഷ്ണന്‍, ഇബ്രാഹിം മുഹമ്മദ്, സി.പി. ഷരീഫ്, കുഞ്ഞിമോന്‍ കാക്കിയ, പി.പി. മുഹമ്മദ് കാസിം തുടങ്ങിയവര്‍ സംസാരിച്ചു.

content highlights: kmcc builts house for family who forgives murderer of son