കൊട്ടാരക്കര: എരിവെയിലിൽ ചെരുപ്പുതുന്നുന്ന മനുഷ്യന് കലാകാരൻ കാരുണ്യത്തണലൊരുക്കി. ചന്തമുക്കിൽ ചെരുപ്പുതുന്നൽ ജോലി ചെയ്യുന്ന അവണൂർ സ്വദേശി സുരേഷ് കുമാറി(42)ന് തണലിനായി വലിയ കുട നൽകിയത് കഥകളി കലാകാരൻ കലാക്ഷേത്ര വിജയസേനനാണ്.

ചന്തമുക്കിൽ തിരക്കേറിയ റോഡരികിൽ 38 ഡിഗ്രി ചൂടിലും വെയിലേറ്റു ജോലിചെയ്യുന്ന സുരേഷ് കുമാറിന്റെ ചിത്രം മാതൃഭൂമി പ്രസിദ്ധീകരിച്ചിരുന്നു. ഇതുകണ്ട് മനമലിഞ്ഞിട്ടാണ് വിജയസേനൻ കുടയുമായി സുരേഷ് കുമാറിനെ തേടിയെത്തിയത്. രാവിലെ എട്ടുമുതൽ വൈകീട്ട് നാലുവരെ വെയിലേറ്റിരുന്നു ജോലിചെയ്യുന്ന സുരേഷ് കുമാറിന് ഇനി വലിയ കുടയുടെ തണലിലിരുന്നു ജോലിചെയ്യാം.

സുരേഷ് കുമാറിന്റെ അമ്മയാണ് മുൻപ്‌ ചെരുപ്പുതുന്നൽ ജോലി നടത്തിയിരുന്നത്. അമ്മ കിടപ്പിലായതോടെയാണ് സുരേഷ് തുന്നൽജോലി ഏറ്റെടുത്തത്.

content highlights: kadhakali artist gifts umbrella to cobbler