മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പെണ്‍കുഞ്ഞിനെ ദത്തെടുക്കാനൊരുങ്ങി മാധ്യമപ്രവര്‍ത്തക ദമ്പതികള്‍. ഡല്‍ഹി സ്വദേശി വിനോദ് കാപ്രിയും ഭാര്യ സാക്ഷി ജോഷിയുമാണ് ഈ നല്ല മനസ്സിന്റെ ഉടമകള്‍. 2017ല്‍ പുറത്തിറങ്ങിയ 'പിഹു' ഉള്‍പ്പെടെയുള്ള ചിത്രങ്ങളുടെ സംവിധായകനാണ് വിനോദ്.

കുറച്ചുദിവസങ്ങള്‍ക്കു മുമ്പ് രാജസ്ഥാനിലെ നഗൗര്‍ മേഖലയിലാണ് കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചു. ഈ വീഡിയോ വിനോദിന്റെയും സാക്ഷിയുടെയും ശ്രദ്ധയില്‍പ്പെടുകയായിരുന്നു. 

എന്നാല്‍ ഈ വീഡിയോ എവിടെ നിന്നുള്ളതാണെന്നോ സത്യമാണോ എന്നതിനെ കുറിച്ചൊന്നും അവര്‍ക്ക് അപ്പോള്‍ ധാരണയുണ്ടായിരുന്നില്ല. തുടര്‍ന്ന് ഈ വീഡിയോയെ കുറിച്ച് എന്തെങ്കിലും വിവരം അറിയാവുന്നവര്‍ അത് പങ്കുവെക്കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് വിനോദും സാക്ഷിയും ട്വീറ്റ് ചെയ്തു. ഇവരുടെ ട്വീറ്റ് വൈറലായി. 

തുടര്‍ന്ന് കുഞ്ഞിനെ കണ്ടെത്തിയത് രാജസ്ഥാനില്‍നിന്നാണെന്നുള്ള വിവരം സാക്ഷിക്കും വിനോദിനും ലഭിച്ചു. സംസ്ഥാനത്തെ ജവഹര്‍ലാല്‍ നെഹ്‌റു ഗവണ്‍മെന്റ് ആശുപത്രിയില്‍ കുഞ്ഞ് ചികിത്സയിലുണ്ടെന്നും മനസ്സിലായി. തുടര്‍ന്ന് ആശുപത്രി അധികൃതരുമായി ഇവര്‍ ബന്ധപ്പെടുകയും കുഞ്ഞിനെ ദത്തെടുക്കാനുള്ള സന്നദ്ധത അറിയിക്കുകയും ചെയ്തു. കുഞ്ഞിനെ കാണാന്‍ ആശുപത്രിയിലേക്ക് വരാന്‍ വിനോദിനോടും സാക്ഷിയോടും ഡോക്ടര്‍ ആവശ്യപ്പെടുകയും ചെയ്തു. 

ഡോക്ടറുടെ അഭ്യര്‍ഥന പ്രകാരം സാക്ഷിയും വിനോദും ആശുപത്രിയിലെത്തി കുഞ്ഞിനെ കണ്ടു. ഇതിന്റെ ഫോട്ടോകള്‍ ഇരുവരും ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. കൂടാതെ നിയമനടപടികളിലൂടെ കുഞ്ഞിനെ ദത്തെടുക്കുകയാണെന്നും ഇരുവരും വ്യക്തമാക്കി. 'പിഹു' എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്. 

 content highlights: journalist couple to adopt abandoned girl child