തിരുവനന്തപുരം: എനിക്കറിയാം ഡോക്ടര്‍. അദ്ദേഹത്തിന് ഇനി തിരിച്ചുവരാനാവില്ല. എങ്കിലും എന്റെ മകളുടെ അച്ഛന്റെ ശരീരത്തിന്റെ ഒരു അവയവമെങ്കിലും മറ്റൊരാളില്‍ക്കൂടി നിലനിന്നുപോകണമെന്ന് ഞാനാഗ്രഹിക്കുന്നു.'' തീരാ വേദനയിലും 30 വയസ്സ് പോലും തികയാത്ത ലിന്‍സിയുടെ നിലപാട് ദൃഢമായിരുന്നു. ഈ മാനസികാവസ്ഥയിലും ലിന്‍സിയെടുത്ത തീരുമാനത്തെ കാല്‍തൊട്ടുവന്ദിച്ചാണ് ഡോ. ഈശ്വര്‍ അഭിനന്ദിച്ചത്.

 തലയ്ക്ക് സാരമായി പരിക്കേറ്റ് ആശുപത്രിയില്‍ മരണത്തോട് മല്ലടിക്കുമ്പോഴും അദ്ദേഹത്തിന്റെ ഭാര്യ ലിന്‍സി പി. എബ്രഹാമും ഏകമകള്‍ രണ്ടുവയസ്സുകാരി ജെലീനയും ജെറി മടങ്ങിവരുമെന്ന പ്രതീക്ഷ കൈവിട്ടിരുന്നില്ല. ഒടുവില്‍ അഞ്ചുപേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് ജെറി കുടുംബാംഗങ്ങളെ വിട്ടകന്നു.

ജൂലായ് 27-നാണ് മണ്ണന്തല കരിമാംപ്ലാക്കല്‍വീട്ടില്‍ ജെറി വര്‍ഗീസിന് സ്‌കൂട്ടറപകടത്തില്‍ തലയ്ക്ക് പരിക്കേറ്റത്. ബൈജൂസ് ലേണിങ് ആപ്പിലെ ബിസിനസ് ഡെവലപ്‌മെന്റ് അസോസിയേറ്റായിരുന്നു ജെറി. കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ വെള്ളിയാഴ്ച മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു. മറ്റുള്ളവരിലൂടെ ജെറി ജീവിക്കണമെന്ന ഭാര്യ ലിന്‍സിയുടെ ആഗ്രഹമാണ് അവയവദാനത്തിന് വഴിയൊരുക്കിയത്. 

ജെറിയുടെ അവയവങ്ങള്‍ ദാനംചെയ്യാനുള്ള ആഗ്രഹം വേദനയ്ക്കിടയിലും ലിന്‍സി ബ്രയിന്‍ ഡെത്ത് സര്‍ട്ടിഫിക്കേഷന്‍ പാനല്‍ അംഗവും ശ്രീചിത്രയിലെ ന്യൂറോസര്‍ജറി വിഭാഗം തലവനുമായ ഡോ. എച്ച്.വി. ഈശ്വറിനെ അറിയിച്ചു. ജെറിയുടെ അച്ഛനും അമ്മയും തീരുമാനം അംഗീകരിച്ചു. സമൂഹത്തിനാകെ മാതൃകയായ ലിന്‍സിക്ക് ആദരവറിയിച്ച മന്ത്രി വീണാ ജോര്‍ജ് നടപടികള്‍ വേഗത്തിലാക്കി.

കരളും ഒരു വൃക്കയും കിംസ് ആശുപത്രിയിലെ രണ്ടുരോഗികള്‍ക്കും ഒരു വൃക്ക മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രോഗിക്കും നേത്രപടലങ്ങള്‍ ഗവ. കണ്ണാശുപത്രിയിലെ രണ്ടു രോഗികള്‍ക്കുമാണ് നല്‍കിയത്. ഹൃദയവാല്‍വ് ശ്രീചിത്ര ആശുപത്രിയിലെ വാല്‍വ് ബാങ്കില്‍ സൂക്ഷിക്കും. 

ലിന്‍സിയുടെ കാല്‍തൊട്ടു വന്ദിച്ച് ഡോ. ഈശ്വർ

ബ്രയിന്‍ ഡെത്ത് പാനല്‍ അംഗമെന്ന നിലയില്‍ നൂറോളം മസ്തിഷ്‌കമരണ സ്ഥിരീകരണത്തില്‍ പങ്കാളിയായ ഡോ. എച്ച്.വി.ഈശ്വറിന് ലിന്‍സി പി.എബ്രഹാമിന്റെ നിലപാടിനു മുന്നില്‍ ശിരസ്സുനമിക്കാതിരിക്കാനായില്ല. 31 വയസ്സുമാത്രം പ്രായമുള്ള ഭര്‍ത്താവിന്റെ വിയോഗം ലിന്‍സിക്ക് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. പറക്കമുറ്റാത്ത കുഞ്ഞുമകളെയുംകൊണ്ട് ജെറിയുടെ അച്ഛനമ്മമാര്‍ അടക്കമുള്ള ബന്ധുക്കളോടൊപ്പം ലിന്‍സി നില്‍ക്കുമ്പോഴാണ് ശ്രീചിത്രയിലെ ന്യൂറോസര്‍ജറി വിഭാഗം മേധാവികൂടിയായ ഡോ. ഈശ്വര്‍ അവിടേയ്ക്കെത്തുന്നത്. അപകടത്തില്‍ തലച്ചോറിനു ഗുരുതരമായി ക്ഷതം സംഭവിച്ചതിനാല്‍ ജെറിക്കിനി ജീവിതത്തിലേക്കു തിരിച്ചുവരാനാവില്ലെന്ന് ഉറപ്പായിരുന്നു.

'മകനെ രണ്ടുദിവസംകൂടി മെഷീനില്‍ വച്ചേക്കണം. അവന്‍ തിരിച്ചുവരും' എന്നായിരുന്നു ഡോക്ടറെ കണ്ടയുടന്‍ ജെറിയുടെ അമ്മയുടെ പ്രതികരണം. എന്തുപറയണമെന്നറിയാതെ കുഴങ്ങിയ ഡോ. ഈശ്വര്‍, ജെറിയുടെ നില വളരെ ഗുരുതരമാണ് രണ്ടുദിവസംകൂടി കഴിഞ്ഞാല്‍ എങ്ങനെയെന്നു പറയാനാവില്ലെന്ന് മറുപടി നല്‍കി. ഇതുകേട്ടുനിന്ന ലിന്‍സി പറഞ്ഞു- ''എനിക്കറിയാം ഡോക്ടര്‍. അദ്ദേഹത്തിന് ഇനി തിരിച്ചുവരാനാവില്ല. എങ്കിലും എന്റെ മകളുടെ അച്ഛന്റെ ശരീരത്തിന്റെ ഒരു അവയവമെങ്കിലും മറ്റൊരാളില്‍ക്കൂടി നിലനിന്നുപോകണമെന്ന് ഞാനാഗ്രഹിക്കുന്നു.''

30 വയസ്സുപോലും തികയാത്ത അവരുടെ നിലപാട് സുദൃഢമായിരുന്നു. ബ്രയിന്‍ ഡെത്ത് പാനല്‍ അംഗമെന്ന നിലയില്‍ ഇത്രനാള്‍ പ്രവര്‍ത്തിച്ചിട്ടും ഇങ്ങനൊരു നിലപാടെടുത്ത ബന്ധുക്കളെ താന്‍ കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ മാനസികാവസ്ഥയിലും ലിന്‍സിയെടുത്ത തീരുമാനത്തെ കാല്‍തൊട്ടുവന്ദിച്ചാണ് ഡോ. ഈശ്വര്‍ അഭിനന്ദിച്ചത്.

conent highlights: jerry varghese organ donation