എളവൂര്‍(എറണാകുളം): കാഴ്ചയില്ലാത്തവര്‍ക്ക് അറിവിന്റെ ഉള്‍ക്കാഴ്ച പകരാന്‍ നിത്യവും മാതൃഭൂമി ദിനപത്രം വായിക്കുകയാണ് എളവൂര്‍ സ്വദേശിനിയായ സി. ജയശ്രീ ടീച്ചര്‍. ലോകത്തെമ്പാടുമുള്ള മലയാളികളായ കാഴ്ചപരിമിതര്‍ക്ക് പത്രവാര്‍ത്തയും പുസ്തകങ്ങളും വായിച്ചുകൊടുക്കാന്‍ ഒരുക്കിയ വിജ്ഞാനദീപം ടെലഗ്രാം കൂട്ടായ്മയ്ക്ക് വേണ്ടിയാണ് ടീച്ചര്‍ ഈ സേവനം ചെയ്യുന്നത്.

ഈ കൂട്ടായ്മയിലെ ന്യൂസ് റൂം വഴിയാണ് ദിവസവും രാവിലെ ടീച്ചര്‍ പത്രപാരായണം നടത്തുന്നത്. എണ്ണൂറോളം പേര്‍ ദിവസവും ഈ വാര്‍ത്തകള്‍ ശ്രവിക്കുന്നുണ്ട്. ടീച്ചര്‍ പ്രധാനമായും മാതൃഭൂമി ദിനപത്രത്തിലെ ഒന്നാംപേജിലെ വാര്‍ത്തയും വാരാന്തപ്പതിപ്പിലെ പംക്തികളുമാണ് വായിക്കുന്നത്. രാവിലെ ഒമ്പതിനുള്ളില്‍ ഓരോ വാര്‍ത്തയും മൊബൈലില്‍ റെക്കോഡ് ചെയ്ത് ക്ലിപ്പുകളായി ന്യൂസ് റൂം ഗ്രൂപ്പിലിടും. 

മറ്റു വായനക്കാരായ രേഷ്മ എഡിറ്റോറിയല്‍ പേജും ജയന്തി കായികവാര്‍ത്തകളും വാര്‍ത്തയും വീക്ഷണവും അവരവരുടെ വീടുകളിലിരുന്നു വായിച്ച് ഗ്രൂപ്പിലിടും. വിദേശ വാര്‍ത്തകള്‍ വായിക്കുന്നത് അമേരിക്കയില്‍ താമസമാക്കിയ സാജിത ഷജീബാണ്. പ്രാദേശിക വാര്‍ത്തകള്‍ കോഴിക്കോട് സ്വദേശിനി ഷാവി മനോജാണ് വായിക്കുന്നത്.

വിജ്ഞാനദീപം ന്യൂസ് റൂം തുടങ്ങിയിട്ട് രണ്ടു വര്‍ഷം കഴിഞ്ഞു. മറ്റു പത്രങ്ങളും ഇതില്‍ വായിക്കുന്നുണ്ട്. ആകെ 40 ഓളം പേര്‍ ശബ്ദ രൂപത്തില്‍ വാര്‍ത്തകള്‍ വായിക്കുന്നുണ്ട്. ടീച്ചര്‍ ന്യൂസ് റൂം ഗ്രൂപ്പിനായി പത്രം വായിക്കാന്‍ തുടങ്ങിയിട്ട് മൂന്ന് മാസമേ ആയിട്ടുള്ളൂ.

ഇതിനിടയില്‍ യാത്രാവിവരണവും വിവര്‍ത്തനങ്ങളും ഉള്‍പ്പെടെ 35 പുസ്തകങ്ങളും ടീച്ചര്‍ ന്യൂസ് റൂമിനായി വായിച്ചു. കൃഷിയോടുള്ള താത്പര്യം മൂലം അധ്യാപക വൃത്തി ഉപേക്ഷിച്ച ടീച്ചര്‍ എരയാംകുടി നെല്‍വയല്‍ സംരക്ഷണ സമരത്തിലും പ്രധാന പങ്കുവഹിച്ചു.

content highlights: jayasree teacher reads news paper for visually challenged people