മേത്തൊട്ടി: ഇടുക്കിയിലെ ആദിവാസി മേഖലയായ മേത്തൊട്ടിക്ക് കോവിഡ് വ്യാപനത്തിന്റെ കാലത്ത് എല്ലാമെല്ലാമായി മാറിയിരിക്കുകയാണ് 21 വയസുകാരന്‍ അരുണ്‍ അമ്മുക്കുട്ടി. ഇവിടത്തെ രോഗികളെ ആശുപത്രിയിലെത്തിക്കാനും നാടിന് ഭക്ഷണമെത്തിക്കാനും കരുതല്‍ തീര്‍ക്കുന്നത് ഈ ചെറുപ്പക്കാരനാണ്.

ചെറിയ വയസ്സില്‍ തുടങ്ങി സ്വന്തമായി അധ്വാനിച്ച്, സ്വപ്നം കണ്ട് വാങ്ങിയ ജീപ്പുമായി ദുര്‍ഘടമായ വഴികള്‍ കയറിയിറങ്ങിയാണ് അരുണ്‍ നാടിനുവേണ്ടി പോരാട്ടം തുടരുന്നത്.

ഒന്നാം തരംഗത്തില്‍ കോവിഡ് മേത്തൊട്ടിക്കാര്‍ക്ക് കേട്ടുകേള്‍വിയായിരുന്നെങ്കില്‍ രണ്ടാം തരംഗത്തില്‍ ഇവിടം കോവിഡില്‍ വിറയ്ക്കുകയാണ്. ശരിയായ വഴിപോലുമില്ലാത്ത ഇവിടേക്ക് രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ വാഹനങ്ങള്‍ കിട്ടാതെ നാട്ടുകാര്‍ വലഞ്ഞു. അപ്പോഴാണ് കൊമ്പനെന്ന് പേരിട്ട തന്റെ എല്ലാമെല്ലാമായ ജീപ്പുമായി അരുണെത്തിയത്. 

രോഗികളെ ഇവിടെനിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതും കൊണ്ടുവരുന്നതും അരുണാണ്. ഇതിനായി പി.പി.ഇ. കിറ്റ് അടക്കമുള്ളവ കൈയില്‍നിന്ന് പണം നല്‍കി വാങ്ങിച്ചുവെച്ചിട്ടുണ്ട്. ഏതു രാത്രിയിലും ഏത് ഉള്‍പ്രദേശത്തും മനുഷ്യരെ രക്ഷിക്കാന്‍ അരുണ്‍ സന്നദ്ധനാണ്. ഒപ്പമുള്ള ഈ ജീപ്പ് സ്വന്തമാക്കിയതിനുപിന്നിലുമുണ്ട് കഠിനാധ്വാനത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും കഥ.

പാവപ്പെട്ട ആദിവാസി കുടുംബത്തിലെ അംഗമായ അരുണ്‍ പ്ലസ്ടു വിദ്യാഭ്യാസം കഴിഞ്ഞതോടെ കൂലിപ്പണിക്ക് പോയി. ഇതില്‍നിന്ന് മിച്ചം പിടിച്ച സമ്പാദ്യം കൊണ്ടാണ് സ്വന്തമായി ജീപ്പ് വാങ്ങിയത്. ആരുടെയും ബുദ്ധിമുട്ട് കണ്ടുനില്‍ക്കാനാവില്ലെന്നും എല്ലാവര്‍ക്കും തന്നാലാകുന്ന സഹായം നല്‍കുകയാണ് ലക്ഷ്യമെന്നും അരുണ്‍ പറയുന്നു. അച്ഛന്‍ തൈപ്ലാക്കല്‍ സോമനും അമ്മ സാലിയും അരുണിന് എല്ലാ പിന്തുണയും നല്‍കുന്നുണ്ട്.

content highlights: in the time of covid, 21 year old arun helps methotty locals