fasal
ഫാസില്‍ തന്റെ വര്‍ക്ക്‌ഷോപ്പില്‍

മമ്പാട്(മലപ്പുറം): 'ടയറില്‍ കാറ്റുനിറയ്ക്കാനാണ് വടകര സ്വദേശി അബൂബക്കര്‍ ഹാഷിം മമ്പാട് തോട്ടിന്റെക്കരയിലെ വര്‍ക്ക് ഷോപ്പിനുമുന്‍പില്‍ കാര്‍ നിര്‍ത്തിയത്. കാറ്റുനിറച്ചുകഴിഞ്ഞു തുക നീട്ടിയപ്പോള്‍ കടയുടമ പറഞ്ഞു: 'ആ പെട്ടിയിലിട്ടോളൂ' ഹാഷിമിന്റെ മാത്രമല്ല, മമ്പാട് തോട്ടിന്റെക്കരയിലെ വീല്‍ മാജിക് എന്ന വര്‍ക് ഷോപ്പില്‍ കാറ്റുനിറയ്ക്കാന്‍ കയറുന്ന ആരുടെയും അനുഭവമാണിത്. കാറ്റുനിറച്ചതിന് ഇവിടെ നല്‍കുന്ന കാശെല്ലാം കാരുണ്യത്തിന്റെ പെട്ടിയിലേക്കാണ്.

ലാഭം മോഹിച്ചല്ല പൊങ്ങല്ലൂരിലെ എരഞ്ഞിക്കല്‍ ഫാസില്‍ തന്റെ കാര്‍ വര്‍ക്ക്ഷോപ്പില്‍ ടയറുകളില്‍ കാറ്റടിക്കാന്‍ യന്ത്രം വാങ്ങിയത്. ഒന്നേകാല്‍ ലക്ഷത്തിന് ഏഴുവര്‍ഷം മുമ്പാണ് ഈ യുവാവ് നൈട്രജന്‍ നിറയ്ക്കുന്ന യന്ത്രം വാങ്ങിവെച്ചത്. അന്നുമുതല്‍ ഇന്നുവരെ ഇതില്‍നിന്ന് ലഭിക്കുന്ന വരുമാനം രോഗികളെ സഹായിക്കാനാണ് നീക്കിവെക്കുന്നത്.

മമ്പാട് സാന്ത്വനകേന്ദ്രത്തിലേക്കാണീ തുക എത്തുന്നത്. വാഹന ഉടമകള്‍ നല്‍കുന്ന തുക പാലിയേറ്റീവ് ക്ലിനിക്കിനായി സ്ഥാപിച്ച പെട്ടിയിലിടാന്‍ നിര്‍ദേശിക്കാറാണ് ഫാസിലും ഇവിടുത്തെ തൊഴിലാളികളും.

സാധാരണ കാറ്റടിക്കുന്നതിന് ചക്രം ഒന്നിന് 10 രൂപ നിരക്കാണ് പൊതുവേയുള്ളത്. നൈട്രജന്‍ നിറയ്ക്കുന്നതിന് ബൈക്കിന് 30 രൂപ, കാറിന് 50 രൂപ നിരക്കാണെന്ന് ഫാസില്‍ പറയുന്നു. എന്നാല്‍ വായു നിറയ്ക്കാനെത്തുന്നവരോട് തുക സാന്ത്വനകേന്ദ്രത്തിന്റെ പെട്ടിയിലിടാന്‍ നിര്‍ദേശിക്കാറാണു പതിവ്. ചില്ലറയില്ലെന്നു പറഞ്ഞ് പോകുന്നവരുണ്ട്. ഏറിയപേരും അധിക തുക പെട്ടിയിലിട്ടു പോകുന്നതു കാണാറുണ്ട്. നല്ലകാര്യത്തിനല്ലേ എന്നു പറഞ്ഞു അവര്‍ പുഞ്ചിരിച്ചു മടങ്ങുന്ന നേരം ഏതെങ്കിലുമൊരു രോഗിയുടെ കണ്ണീരടങ്ങുന്നുവെന്ന കാര്യം സന്തോഷമേകാറുണ്ടെന്ന് ഫാസില്‍ പറയുന്നു.

content highlights: in fasil's shop money charged for filling nitrogen will go to palliative activities