sheeba
ഷീബ ലൈജു

ചേര്‍പ്പ്(തൃശ്ശൂര്‍): കോവിഡിനെതിരേ വിശ്രമമില്ലാത്ത പോരാട്ടത്തിലാണ് ആരോഗ്യപ്രവര്‍ത്തകര്‍. പോസിറ്റീവായ രോഗികള്‍ക്കിടയില്‍ തൂവെള്ള വസ്ത്രമണിഞ്ഞ ഒരു നഴ്സിന്റെ 'പോസിറ്റീവ്' ആയ പ്രവൃത്തിയെ മനസ്സുകൊണ്ട് അഭിവാദ്യം ചെയ്യുകയാണ് അവിണിശ്ശേരി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ സഹപ്രവര്‍ത്തകരും നാട്ടുകാരും.

അടിയന്തരഘട്ടത്തില്‍ പദവി നോക്കാതെ അറ്റന്‍ഡറുടെ ജോലിയുമേറ്റെടുത്ത എന്‍.ആര്‍.എച്ച്.എമ്മിലെ സ്റ്റാഫ് നഴ്‌സ് ഷീബ ലൈജുവാണ് അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുന്നത്. ആശുപത്രിയില്‍ കോവിഡ് പരിശോധന നടക്കുന്നതിനിടെ അറ്റന്‍ഡര്‍ക്ക് തലകറക്കമുണ്ടായതോടെയാണ് ഷീബ ആ ജോലികൂടി ഏറ്റെടുത്തത്. 

വാക്‌സിന്‍ കുത്തിവെപ്പിന്റെ ഡ്യൂട്ടിയിലായിരുന്നു ഷീബ. അവശയായ സഹപ്രവര്‍ത്തകയ്ക്ക് അടിയന്തര പരിചരണം നല്‍കിയശേഷം ആ ജീവനക്കാരിയുടെ ഡ്യൂട്ടി താന്‍ ചെയ്യാമെന്ന സന്നദ്ധത ഷീബ കോവിഡ് ഡ്യൂട്ടിയില്‍ ഉള്ളവരെ അറിയിച്ചു. തുടര്‍ന്ന് പി.പി.ഇ. കിറ്റ് അണിഞ്ഞ് അറ്റന്‍ഡറുടെ ജോലികള്‍ ചെയ്തു.

135 പേരുടെ പരിശോധന ഉണ്ടായിരുന്നു. ഇതില്‍ 30 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പരിശോധനയുടെ അവശിഷ്ടങ്ങള്‍ നീക്കംചെയ്തു. പരിസരം ശുചിയാക്കി. അഭിമാനത്തോടെയാണ് ഈ ജോലികളെല്ലാം ചെയ്യുന്നതെന്ന് ഷീബ പറഞ്ഞു. തൃശ്ശൂര്‍ ആക്ട്‌സ് സെക്രട്ടറി പാലയ്ക്കല്‍ കുറ്റിക്കാടന്‍ ലൈജു സെബാസ്റ്റ്യന്റെ ഭാര്യയാണ് ഷീബ. കൊല്ലംമഠത്തില്‍ പടിഞ്ഞാറ്റതില്‍ ആന്റണിയുടെയും ലൈബീനയുടെയും മകളാണ്.

content highlights: hospital attender faints during duty; staff nurse undertakes former's duty