പട്ടേപ്പാടം(തൃശ്ശൂര്‍): റോഡിന്റെ വശങ്ങളില് പൂച്ചെടികളും ഔഷധസസ്യങ്ങളും മരങ്ങളും നട്ടുവളര്‍ത്തി പരിപാലിക്കുന്ന ഹോമിയോ ഡോക്ടറുടെ പ്രവര്‍ത്തനം പ്രകൃതിപരിപാലനത്തിന്റെ വേറിട്ട മാതൃകയാകുന്നു.
പട്ടേപ്പാടത്ത് സ്വന്തമായി ഹോമിയോ ക്ലിനിക് നടത്തുന്ന കൊറ്റനെല്ലൂര്‍ സ്വദേശി ഡോ.ബാബു അഞ്ചു വര്‍ഷമായി ഇത്തരം പ്രവര്‍ത്തനത്തില്‍ വ്യാപൃതനാണ്.
വീടിനു സമീപമുള്ള പുല്ലേപ്പാടം റോഡിന്റെ ഇരുവശങ്ങളിലുമാണ് തൈകള്‍ നട്ട് സംരക്ഷിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നട്ട ചെടികള്‍ പശുക്കള്‍ തിന്നും വെള്ളം ലഭിക്കാതെയും മറ്റും നശിച്ചുപോയത് കണ്ടപ്പോഴാണ് ചെടികളെ സംരക്ഷിക്കണം എന്ന ചിന്ത ഉണ്ടായതെന്ന് ബാബു പറഞ്ഞു. റോഡിന്റെ ഇരുവശങ്ങളിലും വര്‍ഷങ്ങള്‍ക്കു മുന്‍പ് വെച്ച ചെടികളും മരങ്ങളുമെല്ലാം വളര്‍ന്ന് വലുതായി നില്ക്കുന്നു. പൂന്തോപ്പ് ദുര്‍ഗ്ഗാക്ഷേത്ര പരിസരത്തും ക്ഷേത്രത്തിലെ പൂജയ്ക്കാവശ്യമായ ചെടികളും ഔഷധസസ്യങ്ങളും ക്ഷേത്രപരിസരത്തുതന്നെ നട്ടുവളര്‍ത്തി സംരക്ഷിച്ചുപോരുന്നുണ്ട്.
ആദ്യകാലത്ത് സ്വന്തമായി വാങ്ങിയാണ് പല ചെടികളും നട്ടുവളര്‍ത്താറുള്ളത്. ഇപ്പോള്‍ പല വീടുകളില്‍നിന്നും ചെടികള്‍ ശേഖരിച്ചാണ് നടുന്നത്. വീട്ടില്‍നിന്ന് വെള്ളം കൊണ്ടുവന്ന് നനയ്ക്കുന്നതുള്പ്പെടെയുള്ള പ്രവൃത്തികളെല്ലാം ബാബു തന്നെയാണ് ചെയ്യുന്നത്.
ക്ലിനിക്കിന്റെ സമയം കഴിഞ്ഞും മറ്റ് അവധിദിവസങ്ങളിലുമാണ് ഈ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നത്. ഞാവല്‍, നീര്‍മരുത്, ഉങ്ങ്, കണിക്കൊന്ന, ഇലഞ്ഞി, മധുരലൂവി, ആത്ത, മാവ്, അശോകം, നെല്ലി, അമ്പലപ്പാല തുടങ്ങിയ ഇനങ്ങളില്‍പ്പെട്ട ഇരുനൂറിലധികം ചെടികളാണ് അഞ്ചുവര്‍ഷത്തിനുള്ളില്‍ നട്ടുവളര്‍ത്തിയത്.
കൊറ്റനെല്ലൂര്‍ എ.എല്‍.പി. സ്കൂളിലെ അധ്യാപികയായ പ്രമീള രാജന് ഭര്‍ത്താവിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്കുന്നു. ജോണി, ഐക്കരത്തറ വേലായുധന്, ഗോപി സ്വാമി, നിരഞ്ജന സാംസ്കാരികവേദി എന്നിവരുടെ പിന്തുണയും തനിക്കുണ്ടെന്ന് ബാബു പറഞ്ഞു.
content highlights: homeodoctor plants flowering plants and saplings on road side