താഴെ കുത്തിയൊഴുകുന്ന പുഴ. അതിനു കുറുകെയിട്ടിരിക്കുന്ന, വേണമെങ്കില്‍ പാലമെന്ന് വിളിക്കാവുന്ന രണ്ട് മുളന്തടികള്‍. വശങ്ങളിലെ കൈവരികളില്‍പിടിച്ച്, ആ മുളന്തണ്ടുകളിലൂടെ പുഴകടക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍. ഒരു ഉള്‍ഗ്രാമത്തിലേക്ക് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യാന്‍ പോവുകയാണ് ഇവര്‍. വടക്കു കിഴക്കന്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശില്‍നിന്നുള്ളതാണ് ഈ വീഡിയോ.

കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് ബോധ്യപ്പെടുത്തുന്ന ഈ വീഡിയോ പ്രസാര്‍ ഭാരതിയാണ് ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. ഒന്നു കാലിടറി വീണാല്‍ ഒലിച്ചുപോകാന്‍ വിധം ശക്തിയിലാണ് പുഴയുടെ ഒഴുക്ക്. അതിനു കുറുകേ പ്രദേശവാസികള്‍ നിര്‍മിച്ച, താല്‍ക്കാലിക പാലത്തിന്റെ അവശേഷിപ്പുകളിലൂടെയാണ് ആരോഗ്യ പ്രവര്‍ത്തകരുടെ യാത്ര. താല്‍ക്കാലിക പാലത്തിന്റെ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ എന്ന് തോന്നുന്ന മറ്റു രണ്ടുപേരെയും വീഡിയോയില്‍ കാണാം. 

content highlights: health worker crosses raging river to vaccinate people against covid 19