മലപ്പുറം: സ്വര്‍ണാഭരണം വിറ്റ് ഭക്ഷ്യകിറ്റ് വിതരണം ചെയ്ത് ഒരു പഞ്ചായത്ത് മെമ്പര്‍. മലപ്പുറം എടയൂരിലെ അഞ്ചാം വാര്‍ഡ് മെമ്പര്‍ ഫാത്തിമത് തസ്‌നിയാണ് ഒന്നരപ്പവന്‍ സ്വര്‍ണം വിറ്റ് തന്റെ വാര്‍ഡിലെ കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റ് നല്‍കിയത്. 

കോവിഡ് കാലത്തെ മാതൃകാ ജനപ്രതിനിധിയാവുകയാണ് ഫാത്തിമത്. വാര്‍ഡിലെ വീടുകളില്‍ ദുരിതകാലത്ത് ഫാത്തിമത് സന്ദര്‍ശനം നടത്തിയിരുന്നു. കോവിഡ് പോസിറ്റീവായി കഴിയുന്നവരുടെയും ക്വാറന്റീനില്‍ കഴിയുന്നവരുടെയും വീടുകളില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഫാത്തിമത് എത്തി. പ്രയാസം അനുഭവിക്കുന്ന നിരവധി പേരെ കണ്ടു. ഇതോടെ സഹായമായി എന്തെങ്കിലും ചെയ്യണമെന്ന് മനസ്സിലുറപ്പിച്ചു. 

ward
വിതരണം ചെയ്യാന്‍ തയ്യാറാക്കിയ കിറ്റുകള്‍| Photo: mathrubhumi news screen grab 

അങ്ങനെയാണ് തന്റെ വാര്‍ഡിലെ മുഴുവന്‍ വീടുകളിലും ഭക്ഷ്യകിറ്റ് നല്‍കാന്‍ ഫാത്തിമത് തസ്‌നി തീരുമാനിച്ചത്. ചില വീടുകളിലൊക്കെ കഞ്ഞി മാത്രം വെച്ചിരിക്കുന്ന അവസ്ഥ കണ്ടെന്നും വളരെ സങ്കടം തോന്നിയ കാര്യമായിരുന്നു അതെന്നും ഫാത്തിമത് പറയുന്നു. കിറ്റിനുള്ള പണം കണ്ടെത്താന്‍ വെല്ലുവിളി നേരിട്ടതോടെയാണ് സ്വര്‍ണാഭരണം വിറ്റ് ഭക്ഷ്യകിറ്റ് വിതരണം ചെയ്യാന്‍ തീരുമാനിച്ചത്. പച്ചക്കറി ഉള്‍പ്പെടെയുള്ളവയാണ് ഭക്ഷ്യക്കിറ്റിലുള്ളത്.

content highlights: fathimath thasni ward member from malappuram sells gold to distribute food kit