tk fathima anshi
ടി.കെ. ഫാത്തിമ അന്‍ഷി

മേലാറ്റൂര്‍ (മലപ്പുറം): കംപ്യൂട്ടര്‍ കീബോര്‍ഡിലൂടെ അതിവേഗത്തില്‍ ചലിപ്പിച്ച വിരല്‍കൊണ്ട് ടി.കെ. ഫാത്തിമ അന്‍ഷിയെന്ന പത്താംക്ലാസുകാരി രചിച്ചതു പുതുചരിത്രം. എസ്.എസ്.എല്‍.സി. പരീക്ഷാഫലം വന്നപ്പോള്‍ അന്‍ഷിക്കുമുന്നില്‍ ചരിത്രം കീഴടങ്ങിയത്, ഒന്നല്ല, രണ്ടുവട്ടം.

കാഴ്ചപരിമിതിയുള്ള കുട്ടിയായിരുന്നു അവള്‍. ആ വെല്ലുവിളിയെ മറികടന്നു പരീക്ഷയെഴുതിയത് കംപ്യൂട്ടറില്‍. കംപ്യൂട്ടറിന്റെ സഹായത്താല്‍ പരീക്ഷയെഴുതുന്ന കാഴ്ചപരിമിതിയുള്ള ആദ്യ പെണ്‍കുട്ടി. അതും പരസഹായമില്ലാതെ. ബുധനാഴ്ച ഫലംവന്നപ്പോള്‍ ചരിത്രം വീണ്ടും അന്‍ഷിയുടെ മുന്‍പില്‍ കീഴടങ്ങി -കംപ്യൂട്ടറില്‍ എഴുതി നേടിയത് ഫുള്‍ എ പ്ലസ്.

മേലാറ്റൂര്‍ ആര്‍.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് അന്‍ഷി. ലോക്ഡൗണില്‍ വിദ്യാലയങ്ങള്‍ അടഞ്ഞതോടെയാണ് കംപ്യൂട്ടറിന്റെ സഹായത്തോടെ പത്താംക്ലാസ് പരീക്ഷ എഴുതുന്നതിനെക്കുറിച്ച് ചിന്തിച്ചത്. കാഴ്ചപരിമിതിയുള്ളവരെ സഹായിക്കുന്നതിനു തിരുവനന്തപുരം ആസ്ഥാനമായുള്ള ചക്ഷുമതി എന്ന സംഘടനയും അതിന്റെ മേധാവിയായ റാംകുമാറും പൂര്‍ണ പിന്തുണ നല്‍കി. കഴിഞ്ഞതവണ കംപ്യൂട്ടറില്‍ എസ്.എസ്.എല്‍.സി. പരീക്ഷ എഴുതി സമ്പൂര്‍ണ എ പ്ലസ് വിജയം നേടിയ എടപ്പറ്റയിലെ ടി.കെ. ഹാറൂണും ആവശ്യമായ നിര്‍ദേശങ്ങളും സഹായവുമായി എത്തി. ഇതോടെ അന്‍ഷിക്ക് ഇരട്ടി ഊര്‍ജമായി.

കേവലം ആറുമാസത്തെ പ്രയത്‌നംകൊണ്ട് കംപ്യൂട്ടറില്‍ വേഗംകണ്ടെത്തിയ അന്‍ഷി പരസഹായമില്ലാതെ ആദ്യം മോഡല്‍പരീക്ഷ എഴുതി. പിന്നീട് വാര്‍ഷികപരീക്ഷയും കംപ്യൂട്ടറില്‍ത്തന്നെ എഴുതി. ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതാന്‍ അധ്യാപകരും ധൈര്യം പകര്‍ന്നു.

പ്ലസ് വണ്ണിന് ഹ്യുമാനിറ്റീസ് എടുത്ത് സിവില്‍സര്‍വീസ് കരസ്ഥമാക്കുകയാണു ലക്ഷ്യമെന്ന് അന്‍ഷി മാതൃഭൂമിയോടു പറഞ്ഞു. എടപ്പറ്റയിലെ ടി.കെ. അബ്ദുള്‍ബാരി -ഷംല ദമ്പതിമാരുടെ ഏകമകളാണ്. സംസ്ഥാന സര്‍ക്കാരിന്റെ പ്രഥമ ഉജ്ജ്വലബാല്യം പുരസ്‌കാരജേത്രിയും സ്‌കൂള്‍കലോത്സവങ്ങളിലെയും ഒട്ടേറെ റിയാലിറ്റി ഷോകളിലെയും മിന്നുംതാരവുമാണ്.

content highlights: fathima anshi- visually impaired girl wries sslc exam with computer, scores full a plus