കാളികാവ്: പരീക്ഷ നഷ്ടപ്പെടാതിരിക്കാന്‍ ഷെറിന്‍ ഷഹാന തേടാത്ത വഴിയില്ല. ചൊവ്വാഴ്ച തുടങ്ങുന്ന പരീക്ഷ എഴുതണമെങ്കില്‍ നാട്ടില്‍നിന്ന് തിങ്കളാഴ്ച പുറപ്പെടണം. എല്ലാവഴിയും അടഞ്ഞെന്ന് ഉറപ്പിച്ചുനില്‍ക്കുമ്പോഴാണ് ഡി.വൈ.എഫ്.ഐയുടെ സ്‌നേഹവണ്ടി ഷെറിന്‍ ഷഹാനക്ക് വഴി ഒരുക്കിയത്.

ചോക്കാട് സ്രാമ്പിക്കല്ലിലെ ഷെറിന്‍ ഷഹാന കോതമംഗലം നെല്ലിക്കുഴി ഇന്ദിരഗാന്ധി ഇന്‍ഡസ്ട്രീസ് ഓഫ് പോളിടെക്‌നിക് ആന്‍ഡ് എന്‍ജിനീയറിങ് കോളേജിലാണ് പഠിക്കുന്നത്. ആറാം സെമസ്റ്റര്‍ പരീക്ഷയാണ് നടക്കുന്നത്. രാത്രി ഒമ്പതരയ്ക്ക് നിലമ്പൂരില്‍നിന്നുള്ള രാജ്യറാണിക്ക് പോയാലും കോളേജിലെത്താന്‍ പ്രയാസമാണ്.

തീവണ്ടിരാത്രി രണ്ടിന് ആലുവയിലെത്തും ആലുവയില്‍നിന്ന് കോളേജിലേക്ക് പിന്നെയും പോകാനുള്ളതിനാല്‍ തീവണ്ടിയാത്ര പറ്റില്ല. ടാക്‌സി വിളിച്ച് പോകാനുള്ള സാമ്പത്തിക ശേഷിയുമില്ല. ഈ സാഹചര്യത്തിലാണ് നാട്ടില്‍നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള കോളേജിലേക്ക് ഷെറിന്‍ ഷഹാനയുമായി സ്‌നേഹവണ്ടി കുതിച്ചത്.

കോവിഡ് അനുബന്ധ ആവശ്യങ്ങള്‍ക്ക് ഓടിയിരുന്ന വാഹനം അണുവിമുക്തമാക്കിയാണ് യാത്രക്ക് സജ്ജമാക്കിയത്. ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരായ മുഹമ്മദ് ഫര്‍ഷീനും അമീനും വാഹനം ഓടിച്ചു.

തെങ്ങുകയറ്റ തൊഴിലാളിയായ പിതാവ് ഹസന്‍ പണിക്ക് പോയതിനാല്‍ മകള്‍ക്ക് കൂട്ടിനായി ഉമ്മ റുഖിയ പോയി. തിങ്കളാഴ്ചതന്നെ ഷെറിന്‍ ഷഹാനയെ ഹോസ്റ്റലിലാക്കി മാതാവ് റുഖിയയുമായി സ്‌നേഹവണ്ടി രാത്രിയോടെ നാട്ടിലേക്കു മടങ്ങി. തയ്യാറെടുപ്പു നടത്തി സമാധാനത്തോടെ പരീക്ഷക്ക് പോകാനുള്ള അവസരം ലഭിച്ചതില്‍ ഷെറിന്‍ ഷഹാന സന്തോഷത്തിലാണ്.

content highlights: dyfi helps sherin shahana to attend exam